കണ്ണൂര്‍: ആറുമക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എല്ലാവരും നല്ല നിലയില്‍ എന്നിട്ടും ഈ അമ്മയക്ക് തലചായ്ക്കാമനിടം തേടി പോലീസിനെ സമീപിക്കേണ്ടിവന്നു. ആറ് മക്കള്‍ ഉപേക്ഷിച്ച അമ്മ താമസിക്കാന്‍ ഒരു സ്ഥലത്തിനായാണ് പൊലീസിന് പരാതി നല്‍കിയത്.
കണ്ണൂര്‍ അഴീക്കോടിനടുത്ത് പുതിയാപ്പറമ്പിലെ ജാനകിയാണ് സംരക്ഷണം തേടി പൊലീസിനെ സമീപിച്ചത്. അമ്മയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മക്കളെ സമീപിച്ചെങ്കിലും ആരും ഏറ്റെടുക്കാന്‍ തയ്യാറായില്ല. രണ്ട് പെണ്‍മക്കളുടെയും നാല് ആണ്‍മക്കളുടെയും അമ്മയാണ് അവസാന കാലത്ത് അഭയം തേടി പൊലീസിനെ സമീപിച്ചത്.
സര്‍ക്കാര്‍ ജോലിക്കാരായ മക്കള്‍ക്ക് അമ്മ ഇപ്പോള്‍ ഭാരമായിരിക്കുകയാണ്. ആരും നോക്കാനില്ലാതെ പുതിയാപറമ്പിലെ പുളുക്കുല്‍ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ജാനകി ദുരിത ജീവിതമാണ് നയിക്കുന്നത്. ആഹാരത്തിന് പോലും വകയില്ല. മുഴുപ്പട്ടിണി ആയതോടെയാണ് ഇന്ന് രാവിലെ സഹായം തേടി വളപട്ടണം പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്.
ജാനകി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മകനെ ബന്ധപ്പെട്ടെങ്കിലും അമ്മയെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നാണ് ഇയാളുടെ നിലപാട്. മറ്റ് മക്കളും അമ്മയെ വേണ്ടന്ന നിലപാടിലാണ്. ഇതേതുടര്‍ന്ന് ഇനിയുള്ള കാലം വയോധിക സദനത്തിലാക്കണമെന്ന് ജാനകി ആവശ്യപ്പെട്ടു. മക്കള്‍ പുറംതള്ളിയെങ്കിലും അവര്‍ക്കെതിരെ കേസെടുക്കേണ്ടന്നും ഈ അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ കേസ് എടുക്കേണ്ടി വരുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അമ്മ പരാതി എഴുതി നല്‍കിയാല്‍ മാത്രമേ കേസ് എടുക്കൂവെന്നും സൂചനയുണ്ട്