പല നാള്‍ കള്ളന്‍, ഒരുനാള്‍ പിടിയില്‍ എന്ന് പറഞ്ഞുകേട്ടിട്ടില്ലേ! ഇവിടെസംഭവിച്ചത് അതാണ്. കാര്‍ മോഷണമാണ് നമ്മുടെ നായകന്റെ പ്രധാന പരിപാടി. പല കള്ളന്‍മാരെയും പോലെ മോഷ്ടിച്ച കാറില്‍ ചുറ്റിത്തിരിഞ്ഞ് സ്‌റ്റൈലായി അങ്ങനെ കറങ്ങിനടക്കുക. ഇങ്ങനെയുള്ളവര്‍ക്ക് സുന്ദരിമാരായ കാമുകിമാരെയും കിട്ടും. യാതൊരു ചെലവുമില്ലാതെ ആര്‍ഭാടകരമായ ജീവിതം. പക്ഷെ കുറച്ച് നാള്‍ അങ്ങനെ സുഖിച്ച് കഴിയുമ്പോള്‍ അഹങ്കാരം പെരുത്താലോ എന്നുകരുതി ദൈവം ഒരു പണിയങ്ങ് കൊടുക്കും. അത് തന്നെയാണ് ബര്‍മിംഗ്ഹാമിലെ ആരോണ്‍ തോംപ്‌സണെയും കാത്തിരുന്നത്.
സൗത്ത് ബര്‍മിംഗ്ഹാമിലെ ഒരു പെന്‍ഷണറുടെ വീട്ടില്‍ നിന്നാണ് ആരോണ്‍ ഒരു കാര്‍ മോഷ്ടിച്ചത്. ഒരാഴ്ച മുന്‍പ് ഇതേ റോഡില്‍ മറ്റൊരു വീട്ടില്‍ പണി നടത്തിയ ശേഷമാണ് ധൈര്യം കൂടിപ്പോയതിന്റെ പേരില്‍ ഈ പണിയൊപ്പിച്ചത്. ചെയ്യുന്നത് മോഷണമാണെങ്കിലും ദൈവത്തിന് പോലും പിടിക്കാത്ത പണിയല്ലേ ആശാന്‍ കാണിച്ചേ, അപ്പോള്‍ പണി കൊടുക്കാതെ അങ്ങേര്‍ക്ക് ഉറക്കം വരില്ലല്ലോ! മോഷ്ടിച്ച കാറിലിരുന്ന് നല്ല സൂപ്പര്‍ ഒരു ഫോട്ടോയെടുത്ത് കളയാമെന്ന് ചിന്തിച്ചതാണ് ആരോണിനെ കുടുക്കിയത്.
സ്ഥിരം കള്ളനായതിനാല്‍ ആളെ പിടികൂടാന്‍ പോലീസിന് ഏറെ കഷ്ടപ്പെടേണ്ടി വന്നില്ല. ആരോണിന്റെ കാമുകിയുടെ കട്ടിലിനടിയില്‍ നിന്നുമാണ് കൈയോടെ പൊക്കിയത്. മോഷ്ടിച്ച കാറും സുന്ദരമായി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇതിന് മുന്‍പ് 10 തവണ മോഷണത്തിന് പിടികൂടി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. വാഹനത്തിനുള്ളില്‍ നിന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കളും കണ്ടെടുത്തു. ഇതോടൊപ്പമാണ് ഫോണില്‍ നല്ല ഉഗ്രന്‍ തെളിവായി എടുത്ത ഫോട്ടോയും പോലീസിന് ലഭിച്ചത്. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി ആശാന് ഒരു നാല് വര്‍ഷത്തെ ശിക്ഷ സമ്മാനിച്ച് ജയിലിലേക്ക് അയച്ചിട്ടുണ്ട്.