ജാര്‍ഖണ്ഡ് : മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തി വിദ്യാഭ്യാസമന്ത്രി വിവാദത്തില്‍. മരിച്ചവരുടെ ചിത്രത്തിലാണ് ഹിന്ദു ആചാരം അനുസരിച്ച് മാല ചാര്‍ത്തുക. ജാര്‍ഖണ്ഡ് വിദ്യാഭ്യാസമന്ത്രി നീരായാദവാണ് അബ്ദുല്‍കലാമിന്റെ ചിത്രത്തില്‍ മാലചാര്‍ത്തി മണ്ടത്തരം ചെയ്തത്. ഫോട്ടോയില്‍ മാല ചാര്‍ത്തുന്നത് ആചാര പ്രകാരം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് തുല്ല്യമാണ്. ഒരു സ്‌കൂളില്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വന്ന മന്ത്രി അബ്ദുള്‍ കലാമിന്റെ ചിത്രം കണ്ട ഉടനെ മാല ചാര്‍ത്തുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ മാനക്കേടിലായിരിക്കുകയാണ് മന്ത്ര. മുഖ്യാതിഥിയായിരുന്ന നീരായാദവ് സ്മാര്‍ട്ട്ക്‌ളാസ്സ് ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു മാലചാര്‍ത്തല്‍ ചടങ്ങ് നടത്തിയത്. അതേസമയം ജീവിച്ചിരിക്കുന്ന വ്യക്തിക്ക് ആദരാഞ്ജലി അര്‍പ്പിച്ചെന്ന് വാദിച്ച വിമര്‍ശകര്‍ വിദ്യാഭ്യാസമന്ത്രിയുടെ വിവരം അളക്കുകയും ചോദ്യം ചെയ്ത് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. യാദവിനൊപ്പം ബിജെപി എംഎല്‍എ ജയ്‌സ്വാള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നിവരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും വിവരം മനസ്സിലായില്ല. അതേസമയം അവിടെയുണ്ടായിരുന്ന മറ്റ് ചിലര്‍ മന്ത്രിയുടെ പ്രവര്‍ത്തിയില്‍ അത്ഭുതപ്പെടുകയും സാധാരണ മരിച്ച വ്യക്തിക്കാണ് ഇത്തരത്തില്‍ ആദരവ് നല്‍കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ മന്ത്രിയെ ന്യായീകരിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്. മഹാന്മാരായ നേതാക്കളെ ആദരിക്കാന്‍ സാധാരണ മാല ചാര്‍ത്താറുണ്ടെന്നും മഹാനായ ശാസ്ത്രജ്ഞനായ കലാമിന്റെ ചിത്രത്തില്‍ മാല ചാര്‍ത്തുന്നതില്‍ തെറ്റൊന്നുമില്ലെന്ന് പിന്നീട് മന്ത്രി ന്യായീകരിക്കുകയും ചെയ്തു.