തിരുവനന്തപുരം: ഗള്‍ഫ് മേഖലയിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഗള്‍ഫ് മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് കപ്പല്‍ സര്‍വീസ് ആലോചിക്കുന്നത്. നിയമസഭയില്‍ പാലോട് രവിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേരത്തെ മലയാളികളുടെ നേതൃത്വത്തില്‍ എയര്‍ കേരള വിമാന കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നെങ്കിലും സാങ്കേതിക വിഷയങ്ങള്‍ മൂലം പാതിവഴിയിലാണ്.
കൊച്ചിയില്‍ നിന്നും ഗള്‍ഫിലെ വിവിധ സ്ഥലങ്ങളിലേക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതിന് ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്നും കേരള ഷിപ്പിംഗ് ആന്റ് ഉള്‍നാടന്‍ ജലഗതാഗത കോര്‍പ്പറേഷന്‍ ടെണ്ടര്‍ ക്ഷണിച്ച് 2002 ല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഇത് നടന്നിരുന്നില്ല. അന്ന് 750 മുതല്‍ 1250 വരെ പേര്‍ക്ക് യാത്ര ചെയ്യാവുന്ന കപ്പല്‍ സര്‍വീസ് തുടങ്ങാനാണ് കോര്‍പ്പറേഷന്റെ പദ്ധതി. കൊച്ചി, മുംബൈ, ഗുജറാത്ത് എന്നിവയെ ബന്ധിപ്പിച്ച് തീരദേശ കപ്പല്‍ സര്‍വീസ് നടത്താനും കോര്‍പ്പറേഷന് പദ്ധതിയുണ്ടായിരുന്നു. ആ പദ്ധതിയാണ് വീണ്ടും സര്‍ക്കാര്‍ നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഗള്‍ഫ് യാത്രക്കാരില്‍ നിന്ന് വിമാനക്കമ്പനികള്‍ അമിതമായി യാത്രാക്കൂലി ഈടാക്കുന്നത് ന്യായീകരിക്കാനാകില്ല. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ഒരു മര്യാദയും ഇല്ലാതെ നിരക്ക് വര്‍ധിപ്പിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു