സ്‌പ്രേ പെയിന്റ് ചെയ്ത ഫ്രിഡ്ജിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഇനി കൈകൊണ്ട് പെയിന്റ് ചെയ്ത ഫ്രിഡ്ജും. നിറത്തിന്റെയും പെയിന്റിന്റെയും ഭംഗിയും ഫിനിഷിങ്ങും ഏതിലാണ് കൂടുതല്‍ സുന്ദരമായി തോന്നുന്നത്. സ്‌പ്രേപെയിന്റിങ്ങിലെന്ന് ഉറപ്പിക്കുന്നവര്‍ക്ക് മേക്കപ്പിന്റെ കാര്യത്തിലും ഇനി ടേണ്‍ ചെയ്യാം, സ്‌പ്രേമേക്കപ്പിലേക്ക്. എയര്‍ബ്രഷ് ഉപയോഗിച്ച് ചെയ്യുന്ന സ്‌പ്രേമേക്കപ്പിലാണ് ഇപ്പോള്‍ മേക്കപ്പ് പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഏത് ചൂടിലും ഒലിച്ചിറങ്ങില്ലായെന്നതാണ് ഇതിന്റെ ഗുണങ്ങളില്‍ ഒന്ന്. മറ്റൊന്ന് ചര്‍മത്തിന് അനുയോജ്യമായ വിധത്തിലുള്ള ഫൗണ്ടേഷന്‍, ലിപ്പ് കളര്‍, ഐ കളര്‍ എന്നിവ അനായാസം മുഖത്ത് സ്‌പ്രേ ചെയ്യാനാവുമെന്നതാണ്.
തോക്കിന്റെ പ്രവര്‍ത്തനരീതിപോലെയുള്ള ഉപകരണത്തില്‍ വിവിധ നിറത്തിലുള്ള ഫൗണ്ടേഷന്‍ നിറങ്ങള്‍ നിറയ്ക്കും. ഫൗണ്ടേഷന്‍, ലിപ്സ്റ്റിക്ക്, ഐ ലൈനര്‍ എന്നിവയ്ക്കു അനുയോജ്യമായ നിറങ്ങളിലുള്ള ഫൗണ്ടേഷന്‍ പ്രത്യേകരീതിയില്‍ സ്‌പ്രേ ചെയ്ത് മുഖത്ത് ഫില്ല് ചെയ്യും.
സാധാരണ മേക്കപ്പില്‍ പാടുകള്‍ മറയ്ക്കാന്‍ കണ്‍സീലര്‍ ആവശ്യമാണ്. എന്നാല്‍ എയര്‍ബ്രഷിലൂടെ സ്‌പ്രേമേക്കപ്പ് ചെയ്യുമ്പോള്‍ മുഖത്തെ പാടുകള്‍പോലും മായ്ച്ചാണ് മേക്കപ്പ് ചെയ്യുന്നത്. കറുപ്പിന്റെ വിവിധ ഷേഡുകള്‍ ഉപയോഗിച്ച് കണ്ണിന്റെ മേക്കപ്പ് ചെയ്യാം. അതുപോലെ പുരികം, ചുണ്ട്, കഴുത്ത് എന്നിവിടങ്ങളിലെ മേക്കപ്പ് അവരവരുടെ നിറമനുസരിച്ച് ക്രമീകരിക്കാം.
പല നിറങ്ങള്‍ ചേര്‍ത്തു സ്വന്തം നിറത്തിനു കൂടുതല്‍ ഇണങ്ങുന്ന കോമ്പിനേഷന്‍ കളര്‍ കണ്ടെത്താനും എയര്‍ബ്രഷില്‍ അവസരമുണ്ട്. പല നിറങ്ങള്‍ ഇഷ്ടാനുസരണം സ്‌പ്രേ ചെയ്ത് മേക്കപ്പ് ചെയ്യാമെങ്കിലും അനുയോജ്യമായ നിറങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. കൈയിലും കഴുത്തിലും പുരട്ടി നോക്കി അനുയോജ്യമായ നിറം കണ്ടെത്തുന്നത് ഗുണകരമല്ല. മുഖത്തിന്റെ ഏതെങ്കിലും ഭാഗത്താകാം പരീക്ഷണം. ലിപ്സ്റ്റിക്കിന്റെ നിറം കണ്ടെത്താന്‍ ചുണ്ടില്‍ത്തന്നെ ഇട്ടുനോക്കണം. ഡ്രസ്സിന്റെ നിറവും കൂടി പരിഗണിച്ചു വേണം മേക്കപ്പിന്റെ നിറം തിരഞ്ഞെടുക്കാന്‍.