പൂനെ: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ കേരളത്തില്‍ നടന്ന വിവാദമായ സംഭവമാണ് സുകുമാര കുറുപ്പ് കേസ്. തന്റെ ഇന്‍ഷ്യൂറന്‍സ് തുകയ്ക്ക് വേണ്ടി ഇതിനായി സുകുമാരകുറുപ്പ് മറ്റൊരാളെ കൊല്ലുകയായിരുന്നു. എന്നാല്‍ സ്വന്തം മകളെ കൊന്ന് തുട തട്ടാന്‍ ശ്രമിച്ച അമ്മയുടെ കഥയാണ് ലോകം ഞെട്ടലോടെ വായിച്ചത്.
ചൈതന്യാ ബാല്‍പാണ്ഡെ എന്ന പതിമൂന്നുകാരന്റെ പേരിലുള്ള പത്തു ലക്ഷം രൂപക്കു വേണ്ടി പൂനെ സ്വദേശിയായ രാഖി പാണ്ഡെയാണ് കാമുകനൊപ്പം ചേര്‍ന്ന് കൊലപാതകം നടത്തിയത്. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവെയാണ് ഇന്‍ഷുറന്‍സ് തുകക്കായി മകനെ കൊല്ലുകയായിരുന്നെന്നു രാഖി മൊഴി നല്‍കിയത്. തുടര്‍ന്ന് കൊലപാതകത്തില്‍ പങ്കാളിയായ കാമുകന്‍ സുമിത്ത് മൊറിന്റെയും രാഖിയുടെയും അറസ്റ്റു രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
രാഖിയുമായി അകന്നു കഴിയുന്ന ഭര്‍ത്താവ് തരുണാണ് മകന്റെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നത്. പോളിസി തുക തട്ടിയെടുക്കാനായി രാഖിയും കാമുകന്‍ സുമിത്തും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ചൈതന്യയുടേത് യാദൃച്ഛിക മരണമായി തീര്‍ക്കാന്‍ ഇവര്‍ ശ്രമം നടത്തിയതായും പൊലീസ് വ്യക്തമാക്കി.
ഈ മാസം അഞ്ചാം തീയതി ബാത്ത്‌റൂമില്‍ വീണെന്ന് പറഞ്ഞാണ് ചൈതന്യയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള പ്രഹരമാണ് മരണ കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ് ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. രാഖിയെ ഈ മാസം 10 വരെയും സുമിത്തിനെ 12വരെയും റിമാന്റ് ചെയ്തിരിക്കുകയാണ്.