ന്യൂഡല്‍ഹി: യാക്കൂബ് മേമന് വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേരുമെന്ന് ഫേയ്‌സ് ബുക്കിലൂടെ പ്രഖ്യാപിച്ച മാധ്യമ പ്രവര്‍ത്തകനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സുബൈര്‍ അഹമ്മദ് ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജേര്‍ണലിസ്റ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് എന്ന മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ ഇയാള്‍ സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചതെന്നും ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ഇയാളുടെ ഭാര്യയെ ഇന്ന് രാവിലെ ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് നാലിനാണ് സുബൈര്‍ അഹമ്മദ് അവസാനമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. താന്‍ ദില്ലിയിലെത്തുമെന്നും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എംബസിയില്‍ കൈമാറുമെന്നും തുടര്‍ന്ന് ഇറാഖ് എംബസിയിലെത്തി ഇസ്ലാമിക് സ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കാനുള്ള തന്റെ ആഗ്രഹം ചൂണ്ടിക്കാട്ടി ബഗ്ദാദിക്ക് നിവേദനം സമര്‍പിക്കുമെന്നുമായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ ഇയാള്‍ക്കുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്.പ്രതികരണങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ലഭിച്ച പരാതികള്‍ക്ക് ഒടുവില്‍ ഇയാളുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.
മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കുവേണ്ടി തന്റെ സ്വന്തം പണമുപയോഗിച്ചാണ് താന്‍ പോരാടുന്നത്. മുസ്‌ലിംകളുടെ ശബ്ദമായിരിക്കും താന്‍. യഥാര്‍ഥ മുസ്‌ലിംകളെ സമൂഹത്തിനു മുന്നില്‍ സ്ഥാപിക്കുമെന്നും ഐഎസിനെ സഹായിക്കുന്നവരെ മതാടിസ്ഥാനത്തില്‍ അവര്‍ ചതിക്കില്ലെന്നും ഖാന്‍ ബ്ലോഗില്‍ എഴുതി. പൊതുഭരണത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഇയാളുടെ പാസ്‌പോര്‍ട്ട് 2017 സെപ്റ്റംബര്‍ 17 വരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. നവിമുംബൈയിലെ കലംബോലി മേഖലയിലെ വിലാസത്തിലാണ് ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2011 മേയ് മുതല്‍ 2013 ജനുവരി വരെ താനെയിലെ ഒരു ആശുപത്രിക്കുവേണ്ടിയാണ് ഖാന്‍ ജോലിചെയ്തിരുന്നത്.