ഭുവനേശ്വര്‍: ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലിംകള് ഇന്ത്യയിലാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഹിന്ദു സംസ്കാരത്തിന്റെ പശ്ചാത്തലത്തിലാണു മറ്റു വിശ്വാസക്കാര് ഇന്ത്യയില്‍ അഭയം തേടുന്നതെന്നും ഭാഗവത് പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറില്‍ ശനിയാഴ്ച ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് അധ്യക്ഷന്‍.
ലോകത്തിലെ തന്നെ ഏറ്റവും സന്തുഷ്ടരായ മുസ്ലിംകള് ഇന്ത്യയിലാണ്. നമ്മള് ഹിന്ദുക്കളായതാണ് ഇതിനു കാരണം. ലോകത്തിലെ ഏതെങ്കിലും ഒരു ജനത അവരുടെ നേരായ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചാല്‍ സത്യം തേടി ഇന്ത്യയിലേക്കാണ് എത്തുക. അലഞ്ഞു നടന്ന ജൂതര്‍ക്ക് അഭയം നല്‍കിയത് ഇന്ത്യയാണ്. പാഴ്സികള്‍ക്കും ഇന്ത്യയില്‍ സ്വതന്ത്രമായി അവരുടെ വിശ്വാസം പിന്തുടരാന് സാധിക്കുന്നു- ഭാഗവത് പറഞ്ഞു.
ഹിന്ദു എന്നത് ഒരു മതമോ ഭാഷയോ രാജ്യത്തിന്റെ പേരോ അല്ല. അത് ഇന്ത്യയില്‍ ജീവിക്കുന്ന എല്ലാവരുടെയും സംസ്കാരമാണെന്നും അഖില ഭാരതീയ കാര്യകാരി മണ്ഡലിനു മുന്നോടിയായി ചേര്‍ന്ന യോഗത്തില്‍ ഭാഗവത് അവകാശപ്പെട്ടു.