ഐപിഎൽ: ഡൽഹിക്കു വിജയം

സ്വന്തം ലേഖകൻ

രാജ്‌കോട്ട്: ഐപിഎൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള ഗുജറാത്ത് ലയൺസിന് വീണ്ടും തോൽവി. ദൽഹി ഡെയർഡെവിൾസിനോട് എട്ടു വിക്കറ്റിന് തോറ്റു ലയൺസ്. 40 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്‌സറും പറത്തി 69 റൺസെടുത്ത ഋഷഭ് പന്തിന്റെ പ്രകടനമാണ് ദൽഹിയെ ജയത്തിലേക്കു നയിച്ചത്. സ്‌കോർ: ഗുജറാത്ത് ലയൺസ് – 149/7 (20), ദൽഹി ഡെയർഡെവിൾസ് – 150/2 (17.2).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മക്കല്ലം, സ്മിത്ത്, ഫിഞ്ച് തുടങ്ങിയ മുൻനിരക്കാർക്ക് മികച്ച രീതിയിൽ ബാറ്റേന്താനാകാത്തത് ഗുജറാത്തിനു തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ദിനേശ് കാർത്തിക്കിന്റെ അർധശതകത്തിന്റെ കരുത്തിൽ ഭേദപ്പെട്ട സ്‌കോർ കണ്ടെത്തി. 43 പന്തിൽ അഞ്ച് ഫോറുൾപ്പെടെ 53 റൺസെടുത്തു കാർത്തിക്. രവീന്ദ്ര ജഡേജ (36 നോട്ടൗട്ട്), നായകൻ സുരേഷ് റെയ്‌ന (24), ഡ്വെയ്ൻ സ്മിത്ത് (15) എന്നിവരും രണ്ടക്കം കണ്ടു. രണ്ടു വിക്കറ്റെടുത്ത സയിദ് നദീം ദൽഹി ബൗളർമാരിൽ മുൻപിൽ. ക്രിസ് മോറിസ്, സഹീർ ഖാൻ, മുഹമ്മദ് ഷാമി, അമിത് മിശ്ര എന്നിവർക്ക് ഓരോ വിക്കറ്റ്.

ഋഷഭും ക്വിന്റൺ ഡി കോക്കും (46) ആദ്യ വിക്കറ്റിൽ 115 റൺസ് ചേർത്ത് ദൽഹിക്ക് ആധിപത്യം നൽകി. പിന്നീട് സഞ്ജു സാംസണും (19 നോട്ടൗട്ട്), ജെ.പി. ഡുമിനിയും (13 നോട്ടൗട്ട്) ചേർന്ന് ജയം പൂർത്തിയാക്കി. ജയത്തോടെ ദൽഹി രണ്ടാം സ്ഥാനത്തേക്കുയർന്നു. ഏഴു കളികളിൽ അഞ്ചു ജയത്തോടെ 10 പോയിന്റായി ദൽഹിക്ക്. ഒമ്പത് കളികളിൽ 12 പോയിന്റോടെ ഗുജറാത്ത് ഒന്നാമത് തുടരുന്നു.

Top