ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരെ ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനോടു പരാതിപ്പെട്ടു. ഐ ഗ്രൂപ്പിനെതിരെ വി.എം. സുധീരന്‍ നീങ്ങുന്നു. തൃശൂര്‍ ജില്ലയില്‍ അടക്കം ഗ്രൂപ്പിനെതിരെ സുധീരന്‍ നിലപാട് സ്വീകരിക്കുന്നു. കണ്‍സ്യൂമര്‍ ഫെഡ് ചെയർമാൻ ജോയി തോമസിനെ മാറ്റണമെന്ന കത്ത് ഇതിന്‍റെഭാഗമാണ്. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണമാണ് സുധീരന്‍ ഉന്നയിക്കുന്നത്. ഐ ഗ്രൂപ്പിനെയും മന്ത്രി സി.എൻ. ബാലകൃഷ്ണനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നെന്നും ഐ ഗ്രൂപ്പ് ഹൈക്കമാൻഡിനു നൽകിയ പരാതിയിൽ പറയുന്നു.
അഴിമതിയാരോപണം നേരിടുന്ന കൺസ്യൂമർഫെഡ് ഭരണസമിതി പ്രസിഡന്റ് ജോയി തോമസിനെ നീക്കണമെന്നാവശ്യപ്പെട്ടു സുധീരൻ മുഖ്യമന്ത്രിക്കു കത്തു നൽകിയതോടെയാണ് കോണ്‍ഗ്രസിനെ തുറന്ന ഗ്രൂപ്പു പോരിലേക്കു നയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു പുനഃസംഘടന നടത്തി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന സുധീരന്റെ നിർബന്ധത്തെ എ, ഐ ഗ്രൂപ്പുകൾ യോജിച്ച് എതിർത്തിരുന്നു. പുനഃസംഘടന വൈകി മതിയെന്നും തിരഞ്ഞെടുപ്പുമായി കൂട്ടിക്കലർത്തരുതെന്നും ഇരു ഗ്രൂപ്പുകളും പരസ്യമായിത്തന്നെ നിലപാടെടുത്തു.
അപ്പോഴാണു കൺസ്യൂമർഫെഡ് വിവാദം ആയുധമാക്കി സുധീരൻ രംഗത്തെത്തിയത്. കൺസ്യൂമർഫെഡിലെ അഴിമതിയിൽ പ്രസിഡന്റ് ജോയി തോമസിനു പങ്കുണ്ടെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും സുധീരൻ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു.