ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഓഫീസര്‍ ഉള്‍പ്പെടെ ആറു പോലീസുകാര്‍ വീര ചരമം അടഞ്ഞു.അനന്ത്‌നാഗ് ജില്ലയിലെ തജിവാര അചബലില്‍ പോലീസ് സംഘം സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം.മരിച്ച പോലീസുകാരുടെ മുഖം വികൃതമാക്കുകയും ഇവരുടെ ആയുധങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു.സറ്റേഷന്‍ ഹൗസ് ഓഫീസര്‍ സബ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് ധറാണ് വീരമൃത്യുവരിച്ച ഓഫീസര്‍.
ക്രൂരമായ കൊലപാതകമാണ് നടന്നത്.ഇവരെ കീഴ്‌പ്പെടുത്തിയ ശേഷം തൊട്ടടുത്ത് നിന്ന് തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു.അനന്ത്‌നാഗിലെ ഡ്യൂട്ടിക്ക് ശേഷം തിരികെ സ്റ്റേഷനിലെക്ക് പോകുമ്പോഴാണ് ആക്രമണം.ആറു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.അഹമ്മദ്,കോണ്‍സ്റ്റബിള്‍മാരായ ഷാരിഖ് അഹമ്മദ്,തന്‍വീര്‍,ഷെറാദ് അഹമ്മദ്,ആസിഫ് അഹമ്മദ്,സബ്‌സാര്‍ അഹമ്മദ് എന്നിവരാണ് വീര ചരമം പ്രാപിച്ചത്.
ഭീകര സംഘടനയായ ലിഷ്‌കറെ തയിബയാണെന്നാണ് സംശയം.വെള്ളിയാഴ്ച അര്‍വാനിയില്‍ നടത്തിയ ഓപ്പറേഷനില്‍ പ്രാദേശിക കമാന്‍ഡര്‍ ജുനൈദ് മാട്ടു കൊല്ലപ്പെട്ടിരുന്നു.ഇതിനുള്ള പ്രതികാരമാണ് പോലീസ് സംഘത്തോട് തീര്‍ത്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കശ്മീര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം രജൗരി ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു സൈനീകന്‍ കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം ആറു തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.