വളരെ സിംപിളാണ് കാര്യങ്ങള്‍. പ്രേമിക്കാം, ഒടുവില്‍ ഇഷ്ടമല്ലെന്ന് പറയാം. അതിന് എണ്ണമറ്റ ന്യായീകരണങ്ങള്‍ നിരത്താം. പെണ്ണിനെ പറ്റിക്കുന്നെന്ന് പറയുന്ന കഥകള്‍ കേള്‍ക്കാന്‍ നിരവധി ആളുകളുണ്ടാകും, കണ്ണീര്‍ പൊഴിക്കാനും സഹതപിക്കാനും കൂട്ടുകാരുണ്ടാകും. പക്ഷെ ഇതൊക്കെ സഹിക്കേണ്ടി വരുന്ന ആണുങ്ങളുടെ അവസ്ഥയെന്താകും. ആണത്തം ഉള്ളത് കൊണ്ട് കരയാന്‍ പാടില്ല എന്നു പഠിപ്പിച്ച സമൂഹത്തില്‍ ആത്മഹത്യ ചെയ്ത് സ്വയം ഭീരുവാണെന്ന് തെളിയിക്കാന്‍ പലര്‍ക്കും സാധിക്കാറുമില്ല. പക്ഷെ കോണ്‍റാഡ് റോയ് എന്ന 18-കാരന് അതിനുള്ള ധൈര്യമുണ്ടായി. അതിന് കൈയടിച്ച് പ്രോത്സാഹിപ്പിച്ചത് ആരെന്നല്ലേ, ജീവന് തുല്യം സ്‌നേഹിച്ച കാമുകി തന്നെ!
ഒരു കുന്ന് സന്ദേശങ്ങള്‍ അയച്ച് കാമുകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച കേസില്‍ മിഷേല്‍ കാര്‍ട്ടര്‍ കുറ്റക്കാരിയാണെന്ന് മസാച്ചുസെറ്റ്‌സ് ജഡ്ജ് വിധിച്ചു. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് വിധിയെ 20-കാരി സ്വീകരിച്ചത്. കുറ്റക്കാരിയെന്ന് തെളിഞ്ഞതോടെ ചുരുങ്ങിയത് 20 വര്‍ഷം ജയിലില്‍ കിടക്കാനുള്ള വകുപ്പുണ്ട് ഈ പെണ്‍കുട്ടിക്ക്. കാര്‍ട്ടറിന് 17 വയസ്സുള്ളപ്പോഴാണ് റോയിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ കൊണ്ട് മൂടിയത്. കാമുകിയുടെ പ്രോത്സാഹനങ്ങള്‍ക്കൊടുവില്‍ റോയ് അത് പ്രാവര്‍ത്തികമാക്കി. 2014 ജൂലൈ 12ന് മസാച്ചുസെറ്റ്‌സിലെ ഒരു പാര്‍ക്കിംഗ് ലോട്ടില്‍ വെച്ച് തന്റെ ട്രക്കിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറച്ചാണ് പാവം കാമുകന്‍ ആ കടുംകൈ കാണിച്ചത്.
കൊടുംക്രൂരതയാണ് കാര്‍ട്ടര്‍ കാമുകനോട് കാണിച്ചതെന്ന് ജഡ്ജ് ലോറന്‍സ് മോണിസ് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. ട്രക്കില്‍ ശ്വാസംമുട്ടി മരിക്കുമെന്നായതോടെ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ പുറത്തിറങ്ങാന്‍ ശ്രമിച്ച റോയിയെ തിരിച്ച് പോകാനാണ് കാര്‍ട്ടര്‍ പ്രേരിപ്പിച്ചത്. ഒരു നിമിഷം പോലും ‘ട്രക്കില്‍ നിന്നിറങ്ങൂ’ എന്നൊരു വാക്ക് ഈ ദുഷ്ടയായ കാമുകി പറഞ്ഞില്ലെന്ന് ജഡ്ജ് ചൂണ്ടിക്കാണിക്കുന്നു. റോയ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അറിഞ്ഞിട്ടും ആരെയെങ്കിലും അറിയിക്കാനോ, സഹായിക്കാനോ ഇവള്‍ ശ്രമിച്ചില്ല. റോയ്ക്ക് പല കാര്യങ്ങളിലും സഹായം ആവശ്യമുണ്ടായിരുന്നു, പക്ഷെ എല്ലാം അവസാനിപ്പിക്കാനായിരുന്നു കാമുകി നല്‍കിയ ഉപദേശം.
ആഗസ്റ്റ് മൂന്നിന് ശിക്ഷാവിധി പ്രസ്താവിക്കും. അതുവരെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ് കാര്‍ട്ടറെ. 20 വര്‍ഷം വരെ ജയിലില്‍ കിടക്കാനുള്ള യോഗമുണ്ടെങ്കില്‍ ആര്‍ക്കാണ് തടയാന്‍ കഴിയുക. എന്തായാലും കാമുകനെ ആത്മഹത്യ ചെയ്യാന്‍ കൈയടിച്ച് പ്രോത്സാപ്പിച്ചതില്‍ ഇപ്പോള്‍ ഒരു കുറ്റബോധം തോന്നിത്തുടങ്ങിയിരിക്കും കാര്‍ട്ടറിന്, സ്‌നേഹം കൊണ്ടല്ല ജയിലില്‍ കിടക്കാന്‍ പോകുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറഞ്ഞത് കൊണ്ട്, അതുകൊണ്ട് മാത്രം!