വികസനം മുൻനിർത്തിയുള്ള പ്രചാരണത്തിന് താനുണ്ടാകും എന്ന കെ വി തോമസിന്റെ പ്രഖ്യാപനത്തോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് യുദ്ധം കൂടുതൽ ചൂടുപിടിക്കുന്നു. വരാനിരിക്കുന്ന യുദ്ധത്തിന്റെ തീവ്രത മനസ്സിലാക്കിയെന്നോണം അമേരിക്കയിലെ തന്റെ ചികിത്സ നേരത്തെ പൂർത്തിയാക്കി ഉടനടി നാട്ടിലേക്ക് മടങ്ങാനാണ് നമ്മുടെ മുഖ്യന്റെ തീരുമാനം. എന്നാൽ വി ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ പക്ഷെ കെ വി തോമസിന്റെ നിലപാട് മാറ്റത്തെ ഒട്ടും ഭയക്കുന്നില്ല എന്നുവേണം കരുതാൻ. രസതന്ത്രം അദ്ധ്യാപകനായ കെ വി തോമസിനെ അതേ രാസപ്രവർത്തനത്തിലൂടെ നേരിടാൻ തന്നെയാണ് കോൺഗ്രസ്സ് ക്യാമ്പിന്റെ തീരുമാനം.
അമേരിക്കയിലെ ചികിത്സ കഴിഞ്ഞെത്തുന്ന മുഖ്യമന്ത്രി നേരെ പോകുന്നത് തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കാണ്. താൻ ആരുടെ ഒപ്പമാണ് എന്ന് ഉടൻതന്നെ വ്യക്തമാക്കും എന്ന് പറഞ്ഞ കെ വി തോമസിന്റെ നിലപാടിനോട് ചേർത്തുവായിച്ചാൽ പിണറായി വിജയൻ നേരത്തെ എത്തുന്നത് വ്യക്തമായ മുന്നൊരുക്കങ്ങളോടെ തന്നെയാണ് എന്നുവേണം കരുതാൻ. കെ വി തോമസിനോട് കൂടി ആലോചിച്ചാണ് ഡോ. ജോ ജോസഫിനെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മുഖ്യമന്ത്രി തൃക്കാക്കരയിൽ അവതരിപ്പിച്ചത് എന്ന പൊതു സംസാരം ശെരിയാണ് എങ്കിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രിയോടൊപ്പം തോമസ് മാഷും ഉണ്ടാവും എന്ന് കൂടി ഉറപ്പിച്ചു പറയേണ്ടിവരും.
എന്നാൽ കോൺഗ്രസ്സ് പ്രതീക്ഷക്കുന്നത് മറ്റൊന്നാണ്, ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് കെ വി തോമസ് രംഗത്തിറങ്ങുന്നതെങ്കിൽ ഉർവശി ശാപം ഉപകാരമാവും എന്നാണ് കോൺഗ്രസ്സ് പ്രതീക്ഷിക്കുന്നത്. കാരണം, രസതന്ത്രം അദ്ധ്യാപകനായിരുന്ന തോമസ് മാഷിനെ യുഡിഎഫിന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കാനുള്ള “ഉൽപ്രേരകം” ആയിട്ടാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. കോൺഗ്രസ്സിലെ പുകഞ്ഞകൊള്ളിയായ കെ വി തോമസ് ഈ തെരഞ്ഞെടുപ്പ് രാസപ്രവർത്തനത്തിൽ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും ഇടത് സ്ഥാനാർഥിക്കുവേണ്ടി രംഗത്തെത്തിയാൽ തങ്ങൾക്ക് അത് അനുകൂല തരംഗം സൃഷ്ടിക്കും എന്നും 25000 ൽ അധികം വോട്ടുകൾ ഇതിലൂടെ ലഭിക്കുമെന്നും കോൺഗ്രസ്സ് നേതാക്കൾ ഉറച്ചു വിശ്വസിക്കുന്നു.
അതേസമയം, എഎൻ രാധാകൃഷ്ണനെ പോരിനിറക്കിയതിലൂടെ ബി ജെ പി ലക്ഷ്യംവെക്കുന്നതോ സംസ്ഥാനത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ചലനമുണ്ടാക്കാൻ കഴുയുംവിധം ശക്തമായ മത്സരം കാഴ്ചവെക്കുക എന്നതുതന്നെയാണ്. 25000 ൽ അധികം വോട്ടുകൾ നേടി തെരഞ്ഞെടുപ്പ് ഫലത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പല നേതാക്കളുടെയും കസേര തെറിക്കും എന്നുള്ള മുന്നറിയിപ്പാണ് കേന്ദ്ര നേതൃത്വം സംസ്ഥാന ബി ജെ പിക്ക് നൽകിയിട്ടുള്ളത്. അതിനുള്ള രാഷ്ട്രീയ സാഹചര്യം ഇപ്പോൾ ബി ജെ പി യിൽ ഉണ്ടുതാനും. സുരേന്ദ്രനെ വെട്ടി സംസ്ഥാന പ്രസിഡന്റ് ആവാൻ കുപ്പായവും തൈച്ചുവെച്ചു കാത്തിരിക്കുന്നവർ ഏറെയുണ്ട്. പ്രതീക്ഷിക്കുന്ന ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക കെ സുരേന്ദ്രനെ തന്നെയാവും. എന്നാൽ, പരിചയപ്പെടുത്തൽ വേണ്ടാത്ത സ്ഥാനാർഥിയാണ് എൻഡിഎ സ്ഥാനാർഥിയായ എ.എൻ. രാധാകൃഷ്ണനെന്നും, ഭീകരവാദ ശക്തികളെ കൈയയച്ച് സഹായിക്കുന്ന സിപിഎമ്മിൻറെയും കോൺഗ്രസിൻറെയും സമീപനം തെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട ചർച്ചാവിഷയമാകുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും വിശ്വാസികളായ ജനങ്ങൾക്കിടയിൽ ചർച്ചയാകുമെന്നും സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
എന്നാൽ രണ്ടാം പിണറായി സർക്കാരിൻറെ സെഞ്ചുറി തന്നിലൂടെ ആയിരിക്കുമെന്ന് ഡോക്ടർ ജോ ജോസഫ് ഉറപ്പിച്ചു പറയുന്നു. വിജയം സുനിശ്ചിതമാണ്. ജനങ്ങളുടെ പ്രതികരണമതാണ് കാണിക്കുന്നതെന്നും ജോ ജോസഫ് ആത്മവിശ്വാസത്തോടെ പറയുന്നു. അതേസമയം, തൃക്കാക്കരയിൽ കെ.വി.തോമസ് ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ ഫെയ്സ്ബുക്കിൽ കുറിച്ചത് ഇടതുവികസന നയങ്ങളെ കെ.വി.തോമസ് പിന്തുണച്ചിട്ടുള്ള പശ്ചാത്തലത്തിലാണ്. ചാക്കോയുടെ കുറിപ്പിനോട് പ്രതികരിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിൽ വികസന നയത്തിനാണ് പിന്തുണയെന്ന് കെ.വി.തോമസും പറഞ്ഞു. സ്ഥാനങ്ങൾ നഷ്ടപ്പെട്ടിട്ടും കോൺഗ്രസിൽ അംഗത്വം പുതുക്കിയ കെ.വി.തോമസ് തൃക്കാക്കരയിൽ പ്രത്യക്ഷമായി ഇടതുമുന്നണിക്ക് വേണ്ടി ഇറങ്ങുന്ന കാര്യത്തിൽ സസ്പെൻസ് തുടരുമ്പോഴാണ് പി.സി.ചാക്കോയുടെ കുറിപ്പ്. കെ.വി.തോമസ്കൂടി രംഗത്തിറങ്ങുന്നതോടെ ഇടതുമുന്നണി മേൽക്കൈ നേടുമെന്ന പ്രതീക്ഷ എന്താവും എന്ന് കണ്ടുതന്നെ അറിയണം. കോൺഗ്രസ്സിൽ നിന്ന് പലതവണ എം എൽ എയും, എം പിയും സംസ്ഥാന മന്ത്രിയും കേന്ദ്ര മന്ത്രിയും ഒക്കെയായി നിരവധി പദവികൾ കരസ്ഥമാക്കിയ കെ വി തോമസ് ഈ വയസ്സ്സം കാലത്ത് തന്നെ ഇത്രയുമൊക്കെ ആക്കിയ കോൺഗ്രസ്സിനെ തള്ളിപ്പറയുന്നതിൽ നേതാക്കളെപോലെതന്നെ കോൺഗ്രസ്സ് പ്രവർത്തകരും രോഷാകുലരാണ്.