റോഡുകളില്‍ വര്‍ദ്ധിച്ച് വരുന്ന ശബ്ദ മലിനീകരണത്തിനെതിരെ ഇന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിൽ നോ ഹോണ്‍ ദിനാചരണം സംഘടിപ്പിക്കുന്നു. പൊലീസ്, മോട്ടോര്‍ വാഹനവകുപ്പ്, ടൂറിസം വകുപ്പ് എന്നിവരും പരിപാടിയില്‍ പങ്കാളികളാകും.
നിയന്ത്രിതമായ ഹോണുകളാണ് വാഹനകമ്പനികള്‍ നിര്‍മിക്കുന്നതെങ്കിലും പല വാഹനങ്ങളും അവ മാറ്റി ഘടിപ്പിച്ചാണ് റോഡില്‍ ഇറക്കുന്നത്. അമിത ശബ്ദമുള്ള ഹോണ്‍ നിരോധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തതമൂലം കര്‍ശന നടപടി സ്വീകരിക്കാന്‍ സാധിക്കാതെ പോലീസ്, മോട്ടോര്‍ വാഹനവകുപ്പ് അധികൃതരും കുഴങ്ങുന്നു.
പ്രഷര്‍, മ്യൂസിക്കല്‍, മള്‍ട്ടി റ്റിയൂണ്‍ ഹോണുകളാണ് നിരോധിച്ചിരിക്കുന്നത്. ഇടക്കാലത്ത് പല രീതിയില്‍ റ്റിയൂണ്‍ ചെയ്ത് ഒരു ഹോണില്‍ കൂടി വ്യത്യസ്ഥ ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക്കല്‍, മള്‍ട്ടി റ്റിയൂണ്‍ ഹോണുകള്‍ തരംഗമായിരുന്നു.
നിരോധനം വന്നതോടെ ഇപ്പോള്‍ ഇത്തരം ഹോണ്‍ ഉപയോഗിക്കുന്നില്ല. ആംബുലന്‍സുകളില്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഈ വിഭാഗങ്ങളില്‍ മറ്റ് ഏതെല്ലാം ഹോണുകള്‍ ഉള്‍പ്പെടുമെന്ന് വിശദീകരിച്ചിട്ടില്ല. അതോടൊപ്പം നിശ്ചിത ഡെസിമല്‍ ശബ്ദത്തില്‍ കൂടുതലുള്ള ഹോണും നിരോധിച്ചിട്ടില്ല.
അതിനാല്‍ ബസ്സുകളിലും മറ്റും ഉപയോഗിക്കുന്ന എയര്‍ ഹോണ്‍, മന്ത്രിമാരും മറ്റും ഉപയോഗിക്കുന്ന അമിത ശബ്ദമുള്ള ഹോണ്‍ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല.തിരക്കേറിയ ജങ്ഷനുകളില്‍ പച്ച സിഗ്‌നല്‍ കാത്തുകിടക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ ഉച്ചത്തില്‍ ഹോണ്‍ മുഴങ്ങുന്നതു പതിവു കാഴ്ചയായി മാറുകയാണ്. എല്ലാ വാഹനവും മുന്നോട്ടുപോകാന്‍ സിഗ്‌നല്‍ കാത്തു കിടക്കുമ്പോള്‍ ചിലര്‍ മാത്രം ഹോണ്‍ മുഴക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നു. കൂടാതെ യുവാക്കള്‍ ചെത്തു ബൈക്കുകളില്‍ പായുന്നത് രാക്ഷസ ഹോണുകള്‍ മുഴക്കിയാണ്. ഹോണ്‍ നിയന്ത്രിത മേഖലകളില്‍ പോലും യാതൊരു നിയന്ത്രണവും ഇല്ലാതെ ഹോണ്‍ മുഴക്കി പായുന്നതും പതിവാണ്.
ഡ്രൈവര്‍മാരുടെ ഏകാഗ്രത നഷ്ടപ്പെടുന്നതിനും അമിതമായി പ്രതികരിക്കുന്നതിനും കേള്‍വിക്കുറവിനും ഇത് കാരണമാകും. രക്തസമ്മര്‍ദ്ദം കൂടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും ആമാശയത്തിലെ അമ്ലം കൂടുന്നതിനും അതിത ശബ്ദം കാരണമാകുന്നുണ്ട്. യാത്രക്കാര്‍ക്കും റോഡരികില്‍ താമസിക്കുന്നവര്‍ക്കും ഇതേ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും ശബ്ദമലിനീകരണം കാരണമാകുന്നുണ്ട്.