കേരളത്തിന്റെ സ്വപ്‌നം കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാകുകയാണ് .എറണാകുളത്ത് ഉണ്ടായ യാത്ര ബുദ്ധിമുട്ടെല്ലാം ജനം സന്തോഷത്തോടെ സ്വീകരിച്ചത് ഈ വലിയ നേട്ടത്തിന് വേണ്ടിയാണ് .ഏതായാലും മെട്രോ ഉത്ഘാടനം കഴിഞ്ഞ് 19ന് മുതല്‍ പൊതു ജനങ്ങള്‍ക്ക് യാത്ര ചെയ്യാനാകും.മെട്രോ യാത്രയില്‍ നിര്‍ബന്ധമായും ചില നിയമങ്ങള്‍ പാലിക്കണം.അല്ലെങ്കില്‍ പിഴ ശിക്ഷയും ചിലപ്പോള്‍ അഴിയെണ്ണേണ്ടിവരികയും ചെയ്യും.ആറ് മാസം മുതല്‍ നാലു വര്‍ഷം വരെ തടവുശിക്ഷയ്ക്കുള്ള വകുപ്പുണ്ടെന്ന് ചുരുക്കം!!
വെള്ളമടിച്ച് മെട്രോയില്‍ കയറാമെന്ന് ആരും കരുതണ്ട.മദ്യലഹരിയില്‍ യാത്ര ചെയ്താല്‍ 500 രൂപ പിഴ നല്‍കണം.നിലത്തിരുന്ന് യാത്ര ചെയ്യുകയോ സഹയാത്രികരെ ശല്യം ചെയ്യുകയോ ചെയ്താലും 500 രൂപ പിഴയീടാക്കും.
പ്രധാനപ്പെട്ട മറ്റൊരു കാര്യം മെട്രോ സ്‌റ്റേഷനില്‍ കുത്തിവരയ്ക്കുകയോ പോസ്റ്റര്‍ ഒട്ടിച്ച് വൃത്തികേടാക്കുകയോ ചെയ്താല്‍ ആയിരം രൂപ ഫൈന്‍ ഈടാക്കും.സര്‍ക്കാര്‍ വാഹനങ്ങളിലും ട്രെയ്ന്‍ സര്‍വീസുകളിലുമൊക്കെ വരച്ചിട്ട് വൃത്തികേടാക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്.
സ്റ്റേഷനും പരിസരത്തും ഭക്ഷണം കഴിക്കുന്നതിനും അനുവാദമില്ല.500 രൂപ പിഴ വീഴും.സ്റ്റേഷനില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പോയാലും പണി കിട്ടും.ഗതാഗത തടസ്സം സൃഷ്ടിക്കുകയോ സിഗ്നല്‍ തകരാറിലാക്കുകയോ ചെയ്താല്‍ രണ്ടായിരം രൂപയാണ് പിഴ.യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്നവിധം അപായകരമായ വസ്തുക്കള്‍ കൊണ്ട് യാത്ര ചെയ്താല്‍ 5000 രൂപ പിഴയും നാലു വര്‍ഷം അഴിയെണ്ണലുമാണ് ശിക്ഷ.
ഏതായാലും ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മെട്രോയുടെ ചൂളം വിളിക്കായി.ഇതിനിടയില്‍ യാത്രക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൂടി പാലിച്ചാല്‍ കാര്യങ്ങള്‍ ഉഷാര്‍..