ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ദേശിയതലത്തിലുണ്ടായിരുന്ന പത്രം പോലും കേന്ദ്ര ഭരണമുള്ളകാലത്ത് പൂട്ടിപോയി. രാജ്യത്തെ ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് വരെ ചാനലും പത്രമൊക്കെ വിജയകരമായി നടത്തുമ്പോഴാണ് ദേശിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ പോലും സ്വന്തമായ മാധ്യമങ്ങളില്ലാതെ നില്‍ക്കുന്നത്. ഇതിനൊരപവാദമാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇടക്കാലത്ത് നിലച്ചെങ്കിലും പൂര്‍വ്വാധികം ശക്തിയോടെയാണ് മുഖപത്രമായ വീക്ഷണം തിരിച്ചുവന്നത്. അതിനൊപ്പം ജയ്ഹിന്ദ് ചാനലും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിജയിപ്പിച്ചെടുത്തു. ഇപ്പോള്‍ ജയ്ഹിന്ദ് മുഴുവന്‍ സമയ വാര്‍ത്താ ചാനലാകാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ദേശിയ തലത്തില്‍ ജയ്ഹിന്ദിനെ മാതൃകയാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. അധികം പ്രേക്ഷകര്‍ ഇല്ലെങ്കില്‍ കൂടി കേരളത്തില്‍ കോണ്‍ഗ്രസ്സിനെ താങ്ങിനിര്‍ത്തുന്നത് ജയ്ഹിന്ദ് ചാനലിന്റെ ജനപ്രീതിയാണെന്ന വിലയിരുത്തലിലാണ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമുള്‍പ്പെടെയുള്ള നേതാക്കള്‍. ഇതിന് അവര്‍ പറയുന്ന കാരണങ്ങളുമുണ്ട്. കേരളത്തിലേതു പോലെ താഴെ തട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംസ്ഥാനമില്ല. രാഷ്ട്രീയ പ്രബുദ്ധമായ കേരളീയര്‍ ജയ്ഹിന്ദ് ചാനലിനെ പാര്‍ട്ടി ചാനലായി തന്നെ കാണുകയും വീക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് രാഹുലിന്റെയും സോണിയ ഗാന്ധിയുടെയും വിലയിരുത്തല്‍. എന്തായാലും ദേശീയ രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി സംഘടനയെ വീണ്ടെടുക്കാന്‍ വേണ്ടിയുള്ള ഉപാധിയായി കേരളത്തിലെ മാതൃക സ്വീകരിക്കുന്നു എന്നാണ് അറിയുന്ന വിവരം. കേരളത്തിലെ കോണ്‍ഗ്രസ് കമ്മറ്റിയുടെ ചാനലാണ് ജയ്ഹിന്ദ് ടി.വി. പ്രവര്‍ത്തകരുമായും പൊതുജനങ്ങളുമായും ആശയവിനിമയം നടത്താന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ പ്രാപ്തരാക്കുന്നത് ജയ്ഹിന്ദാണെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് ജയ്ഹിന്ദിനെ ദേശീയ ചാനലാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ഹൈക്കമാന്‍ഡ് പരിശോധിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കീഴടക്കാമെന്ന് അവര്‍ കരുതുന്നു. ജയ്ഹിന്ദിനെ ദേശീയ ചാനലാക്കിമാറ്റാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചനയ്ക്ക് പിന്നില്‍ കേരളത്തില്‍നിന്നുള്ള കേന്ദ്ര നേതാവ് എ.കെ.ആന്റണിക്കും പങ്കുണ്ട്. ജയ്ഹിന്ദിനെ എങ്ങനെ ദേശീയ ചാനലാക്കി മാറ്റാമെന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന വിവരം ചാനലിന്റെ ഡല്‍ഹിയിലെ പുതിയ ബ്യൂറോ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്. പുതിയ മാദ്ധ്യമങ്ങളെ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസ് പലപ്പോഴും പരാജയപ്പെടുന്നുണ്ടെന്ന് ആന്റണി പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കാന്‍ ടി.വി. പോലൊരു മാദ്ധ്യമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2007ലാണ് കെപിസിസി. ജയ്ഹിന്ദ് ചാനലിന് തുടക്കം കുറിക്കുന്നത്. ഇന്ന് വാര്‍ത്താ രംഗത്ത് ശ്രദ്ധേയമായ നിലയിലേക്ക് ഉയരാന്‍ ജയ്ഹിന്ദിനായിട്ടുണ്ട്. ആ വിജയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ജയ്ഹിന്ദ് എന്ന പേര് കോണ്‍ഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ട് ഈ പേര് ദേശീയ തലത്തില്‍ ഉപയോഗിച്ചാല്‍ അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ദേശീയ ചാനല്‍ രംഗത്തെ പ്രമുഖരായ വ്യക്തികളെ ചാനല്‍ തലപ്പത്തുകൊണ്ടുവരാമെന്നം കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതിനിടെ ചാനല്‍ ദേശീയ തലത്തിലേക്ക് ഉയര്‍ത്തിയാലും മലയാളം ചാനല്‍ നിലനിര്‍ത്താന്‍ തന്നെയാണ് നീക്കം.