കണ്ണൂര്‍: ശ്രീ നാരായണ ഗുരുദേവനെ കുരിശില്‍ തറയ്ക്കുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ച് കണ്ണൂര്‍ തളിപ്പറമ്പില്‍ സി.പി.എം. നേതൃത്വത്തിലുള്ള ക്ലബുകളും സാംസ്കാരിക സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കെതിരെ വന്‍ പ്രതിഷേധം ഉയരുന്നു.സി.പി.എമ്മിന്റേത് ഹീനമായ പ്രവൃത്തിയാണെന്ന്: ഹീനമായ പ്രവൃത്തിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു. ഗുരുഭക്തരുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഓണാഘോഷത്തിന് സമാപനം കുറിച്ച് തളിപ്പറമ്പ് കൂവോട്ട് നടത്തിയ ഘോഷയാത്രയാണ് വിവാദമായത്. “ഒരുജാതി, ഒരു മതം, ഒരു ദൈവം” എന്ന ഗുരുദേവന്റെ മഹത്തായ മാനവ സന്ദേശത്തെ അവഹേളിക്കുന്ന തരത്തില്‍ “പല ജാതി പലമതം പല ദൈവം” എന്ന ബോര്‍ഡാണ് നിശ്ചലദൃശ്യത്തിലുള്ളത്. കുരിശില്‍ തറച്ച ഗുരുദേവന്റെ കൈകളില്‍ മഞ്ഞവസ്ത്ര ധാരിയും കാവി വസ്ത്രധാരിയും ചുറ്റിക കൊണ്ട് ആണിയടിക്കുന്നു. നവോത്ഥാന കേരളത്തിന്റെ സ്രഷ്ടാവായ ഗുരുദേവനെ വികലവും പരിഹാസ്യവുമായി ചിത്രീകരിച്ച നടപടിക്കെതിരെ ഇന്നലെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ശ്രീനാരായണീയരുടെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.