ന്യൂഡല്‍ഹി:പാകിസ്ഥാനെ ചൊല്ലി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടയക്ക് ചൈനയുടെ നിലപാട് തിരുത്തിക്കാന്‍ ദേശിയ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ ചൈനയിലേക്ക്.
ഭീകരര്‍ക്ക് സഹായം നല്കുന്ന പാക് നിലപാടിന് ഐക്യരാഷ്ട്ര സഭയിലടക്കം ചൈന പിന്തുണ നല്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധികൂടിയായ ഡോവല്‍ ചൈനാ സന്ദര്‍ശനത്തിനൊരുങ്ങുന്നത്. തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെങ്കിലും എത്രയും വേഗമുണ്ടാകുമെന്നാണ് സൂചന. ജനുവരിയില്‍ ബീജിങ്ങിലേക്ക് പോകാന്‍ ഡോവല്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും പത്താന്‍കോട് ഭീകരാക്രമണത്തെത്തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കി.
ഭീകര സംഘടന ജയ്ഷെ ഇ മുഹമ്മദിന്റെ നേതാവ് മസൂദ് അസറിനെ വിലക്കണമെന്നാവശ്യപ്പെട്ട് ഭാരതം ഐക്യരാഷ്ട്ര സഭയില്‍ കൊണ്ടുവന്ന പ്രമേയം ചൈന വീറ്റോ ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സാങ്കേതിക കാരണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ചൈനയുടെ നടപടിയെങ്കിലും പാക്കിസ്ഥാന്റെ സമ്മര്ദ്ദഫലമാണിതെന്നാണ് ഭാരതം കരുതുന്നത്. ആദ്യമായല്ല ചൈന ലോകവേദികളില്‍ പാക്കിസ്ഥാന് അനുകൂലമായി രംഗത്തെത്തുന്നത്. പ്രസിഡന്റ് സീ ജിന്‍പിങ്ങിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനത്തിനുശേഷം നിരവധിതവണ പാക്കിസ്ഥാനെ ലോകവേദികളില്‍ അവര്‍ തുണച്ചിരുന്നു.
മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ലഷ്കര്‍ ഇ തൊയ്ബ നേതാവ് സാക്കി ഉര് റഹ്മാന് ലഖ്വിയെ പാക്കിസ്ഥാന് ജാമ്യത്തില്‍ വിട്ടതിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ ഭാരതം നടത്തിയ നീക്കങ്ങളും ചൈന ഇടപെട്ട് തടഞ്ഞിരുന്നു. ഭാരതചൈന അതിര്‍ത്തി നിര്‍ണയ ചര്‍ച്ചകളില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്ന ഡോവലിന് ചൈനീസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. ചൈനയുടെ പാക് അനുകൂല നിലപാട് തിരുത്തിക്കാന്‍ ഡോവലിനാകുമെന്നാണ് പ്രതീക്ഷ.