ശ്രീനഗര്‍: പാക് ഭീകരനെ ജീവനോടെ പിടിച്ച ഗ്രാമീണരായ യുവാക്കള്‍ ഇനി കാക്കിയണിയും. രണ്ട് പേര്‍ക്കു ജമ്മു കാശ്മീര്‍ പോലീസില്‍ നിയമനം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.പഖ്‌ലായി സ്വദേശി രാകേഷ് കുമാര്‍ ശര്‍മ, നാനാക് നഗര്‍ സ്വദേശി ബിക്രംജീത് സിങ് എന്നവരാണ് ജമ്മു കാശ്മീര്‍ പോലീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പാക് തീവ്രവാദിയെ പിടികൂടാന്‍ ഇരുവരും കാണിച്ച ധൈര്യം കണക്കിലെടുത്ത് സ്വാതന്ത്ര ദിനത്തില്‍ യുവാക്കള്‍ക്ക് ശൗര്യചക്ര നല്‍കി ആദരവ് പ്രകടിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുന്നതിനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
യുവാക്കളില്‍ രാകേഷ് കുമാര്‍ ശര്‍മയെ സംസ്ഥാന പോലീസില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ നിയമിക്കാനാണ് അധികൃതരുടെ തീരുമാനം. ബിക്രം ജീത് സിങിന്റെ നിയമനത്തില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഉടന്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും ജമ്മു കാശ്മീര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഉദംപൂരില്‍ ബി.എസ്.എഫ് വാഹനത്തിന് നേരെ ആക്രമണം നടത്തിയശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിന് ഇടയിലാണ് പാക് ഭീകരന്‍ മുഹമ്മദ് ഉസ്മാന്‍ പിടിയിലാകുന്നത്. ഉസ്മാന്‍ അടക്കമുള്ള സംഘം ശര്‍മയും ബിക്രംജീതും അടക്കമുള്ള ഗ്രാമീണരെ തടവിലാക്കാന്‍ ശ്രമിച്ചിരുന്നു. ഗ്രാമീണരെ മറയാക്കി ഭീകരര്‍ ഒളിക്കാന്‍ ഇടം കണ്ടെത്തുന്നതിന് ഇടയില്‍ ശര്‍മയും ബിക്രംജീതും ഒഴികെയുള്ളവര്‍ ജീവനുംകൊണ്ട് ഓടി രക്ഷപ്പെട്ടു. എന്നാല്‍ സാഹചര്യം മുതലാക്കിയ യുവാക്കള്‍ ഇരുവരുംചേര്‍ന്ന് ആയുധ ധാരിയായ മുഹമ്മദ് ഉസ്മാനെ കീഴടക്കി ബി.എസ്.എഫിന് കൈമാറുകയായിരുന്നു.