കൊച്ചി: സിനിമാ താരങ്ങളുള്‍പ്പെടെ കേരളത്തിലെ വ്യാവസായ പ്രമുഖരുടെ സാമ്പത്തീക സാഹായത്തോടെ മുന്നോട്ട് പോകുന്ന അനാഥാലയമാണ് ആലുവയിലെ ജനസേവ ശിശുഭവന്‍, ഏറെ പരാതികളൊന്നും ഈ സ്ഥാപനത്തിനെതിരെ ഉയര്‍ന്നിട്ടില്ല എന്നാല്‍ കുട്ടികടത്തില്‍ ഈസ്ഥാപനത്തിനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളാണ ഇപ്പോള്‍ പുറത്ത് വരുന്നത്. കോഴിക്കോട് മുക്കത്തെ മുസ്ലീം അനാഥാലയത്തിലേക്ക് ഇതരസംസ്ഥാന കുട്ടികളെ കൊണ്ടുവന്നത് ഏറെ വിവാദമാവുകയും പീന്നീട് സി ബി ഐ അന്വേഷണത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും ചെയ്തു.
അരുണാചല്‍പ്രദേശിലെ അനാഥ കുട്ടികളാണെന്നായിരുന്നു ജനസേവയുടെ അവകാശവാദം. എന്നാല്‍ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികളെ ജനസേവയിലേക്കായി ഏല്പിച്ചതെന്നു പിന്നീടു വ്യക്തമായി. തീര്‍ത്തും ഗ്രാമീണ മേഖലകളില്‍ നിന്നുമാണ് കുട്ടികളെ ഇവിടേക്ക് എത്തിച്ചിരിക്കുന്നത്. അഞ്ചും ആറും വയസുള്ള ചെറിയ കുട്ടികള്‍ വരെ സംഘത്തിലുണ്ടായിരുന്നു. പല കുട്ടികളെയും ശിശുക്ഷേമ സമിതി മുന്‍പാകെ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ക്കു തിരിച്ച് മാതാപിതാക്കളുടെ അടുത്തെത്തണമെന്ന് കുട്ടികള്‍ വാശിപിടിച്ചിരുന്നതായി ചെയര്‍പേഴ്‌സണ്‍ പത്മിനി പറയുന്നു.
കുട്ടികളുടെ ആവശ്യം അംഗീകരിച്ചാണ് അവരെ നാട്ടില്‍ മാതാപിതാക്കളുടെ അടുത്തേക്കുതന്നെ തിരിച്ചയച്ചത്. കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജനസേവ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ ജനസേവ കൂടാതെ നെട്ടൂരിലെ ഒരു അനാഥാലയത്തിലേക്ക് കൊണ്ടുവന്ന 29 അന്യസംസ്ഥാന കുട്ടികളേയും ഈ ഘട്ടത്തില്‍ തിരിച്ചയക്കേണ്ടതുണ്ട്. ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ സംഘത്തിലുള്ളത്. രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ കഴിയേണ്ട സമയത്ത് കുട്ടികളെ ഒരിക്കലും അവരില്‍ നിന്നു വേര്‍പെടുത്തി കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നാണ് ശിശുക്ഷേമസമിതിയുടെ നിലപാട്. ഇത്തരത്തില്‍ കൊണ്ടുവന്ന നിരവധി കുട്ടികള്‍ ജില്ലയില്‍ തന്നെയുണ്ട്. ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണം ആവശ്യമാണെന്നാണ് ശിശുക്ഷേമ സമിതിയുടെ നിലാപാട്.
അന്യസംസ്ഥാനങ്ങളിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും മുതലെടുത്ത് ഗ്രാമീണ മേഖലയിലെ മാതാപിതാക്കളുടെ കുട്ടികളെയാണ് ഇത്തരത്തില്‍ ഏജന്റുമാര്‍ കേരളത്തിലെക്ക് കൊണ്ടുവരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇതുപോലെ കുട്ടികളെ കൊണ്ടുവന്നാല്‍ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കുകയാണ് പതിവ്. അനാഥാലയം എന്ന പദവി നിലനിര്‍ത്താനും അതുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാനുമായി പല സ്ഥാപനങ്ങളും ഇത്തരത്തില്‍ കുട്ടികളെ ഏജന്റുമാര്‍ മുഖേന എത്തിക്കുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായി മാറിയെന്നും ശിശുക്ഷേമസമിതി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്ന കുട്ടികളുടെ ഉള്‍പ്പെടെ വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കേണ്ടത് അതത് സംസ്ഥാന ഗവണ്മെന്റ് സ്ഥാപനങ്ങളാണെന്നും അവരെ ഇക്കാര്യമെല്ലാം അറിയിക്കുമെന്നും ശിശുക്ഷേമസമിതി പറയുന്നു.കുട്ടികളെ ഇവിടേക്ക് കൊണ്ടുവന്നത് സംബന്ധിച്ച് പൊലീസിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മരട് പൊലീസോ റെയില്‍വെ പൊലീസോ ഇതുവരെ തയ്യാറായിട്ടില്ല. അനാഥാലയങ്ങളില്‍നിന്നു കുട്ടികളെ തിരയുന്നത് തങ്ങളുടെ പണിയല്ലെന്ന നിലപാടിലാണ് അവര്‍. സര്‍ക്കാര്‍ സഹായം ലഭിക്കാനും മറ്റു തരത്തിലുള്ള ഫണ്ടുകള്‍ ലഭിക്കാനും നിശ്ചിതയെണ്ണംകുകുട്ടികളെ കൊണ്ടുവന്ന് സംഖ്യ തികയ്ക്കാനാണ് സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.