ന്യൂഡല്‍ഹി: ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഡല്‍ഹി അതോറിറ്റി മുന്‍ കമീഷണറും മുന്‍ എം.എല്‍.എയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മുഖ്യപരിഗണനയെന്ന് സൂചന . മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജലും പരിഗണിക്കുന്ന ലിസ്റ്റില്‍ ഉണ്ട്.ബി.ജെ.പി നിര്‍വാഹകസമിതി അംഗമായ അല്‍ഫോണ്‍സ് കണ്ണന്താനത്തെ ചണ്ഡിഗഢ് അഡ്മിനിസ്ട്രേറ്ററായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഘടകകക്ഷിയായ അകാലിദളിന്‍െറ എതിര്‍പ്പുമൂലം പിന്‍വലിച്ചു. ഇതിന് പകരമായാണ് കണ്ണന്താനത്തിന് പുതിയ പദവി നല്‍കാന്‍ ആലോചിക്കുന്നത്.
ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് അംഗമാണ് അനില്‍ ബൈജല്‍. ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. ഡി.ഡി.എ വൈസ് ചെയര്‍മാന്‍, എയര്‍പോര്‍ട്ട് സി.എം.ഡി, പ്രസാര്‍ഭാരതി സി.ഇ.ഒ, നഗര വികസന സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കിരണ്‍ ബേദി, ബി.ജെ.പി. നേതാവ് ജഗദീശ് മുഖി, മുന്‍ പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി എന്നീ പേരുകളും ചര്‍ച്ചയിലുണ്ട്.