കാലിഫോര്‍ണിയ: അമേരിക്കയിലെ പ്രമുഖ ചിപ് നിര്‍മാണ ക്കമ്പനിയായ ക്വാല്‍കോം ഇന്ത്യയില്‍ 15 കോടി ഡോളറിന്റെ(ഏതാണ്ട് 992 കോടിരൂപ) നിക്ഷേപമിറക്കും. സിലിക്കണ്‍വാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാങ്കേതികരംഗത്തെ പ്രമുഖര്‍ക്ക് നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ശേഷം കമ്പനി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പോള്‍ ജേക്കബ്‌സാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ നിര്‍മിക്കാനുള്ള, പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയോട് ‘ആപ്പിളും’ ഉടന്‍ പ്രതികരിക്കുമെന്നാണ് സൂചന.മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ശരിയായ വഴിക്കാണ് നീങ്ങുന്നതെന്ന് ക്വാല്‍കോം മേധാവി അഭിപ്രായപ്പെട്ടു.
ക്വാല്‍കോം വെഞ്ചേഴ്‌സ് എന്ന ഉപസ്ഥാപനംവഴിയാണ് നിക്ഷേപം. മൊബൈല്‍, ഇന്റര്‍നെറ്റ്, മാര്‍ക്കറ്റിങ്, വ്യാപാരസഹായം തുടങ്ങിയ മേഖലകളിലെ നൂതന സ്റ്റാര്‍ട്ട് അപ് സംരംഭങ്ങള്‍ക്കാണ് മുതല്‍മുടക്കുന്നത്.സിലിക്കണ്‍വാലിയിലെ ചെറുപ്പക്കാരായ പ്രൊഫഷണലുകളെമുതല്‍ വന്‍കിട കമ്പനികളെ വരെ ഇന്ത്യയുടെ ഡിജിറ്റല്‍വിപ്ലവത്തില്‍ പങ്കാളിയാകാന്‍ പ്രധാനമന്ത്രി വിരുന്നില്‍ ക്ഷണിച്ചു. ഡിജിറ്റല്‍രംഗത്തുള്ളവരും ഇല്ലാത്തവരും എന്ന വിടവ് നീക്കാനാണ് സര്‍ക്കാറിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.
ആറുലക്ഷം ഗ്രാമങ്ങളെ ഉള്‍പ്പെടുത്തി ഓപ്റ്റിക്കല്‍ഫൈബര്‍ ശൃംഖലയുടെ വിപുലീകരണം, കോളേജുകളിലും സ്‌കൂളുകളിലും ഇന്റര്‍നെറ്റ് ലഭ്യത, സര്‍ക്കാര്‍പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനുള്ള ‘മൈഗവ്.ഇന്‍’ പോലുള്ള സൈറ്റുകള്‍, മോദി മൊബൈല്‍ ആപ്പുകള്‍ തുടങ്ങി സര്‍ക്കാര്‍ തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ പദ്ധതികള്‍ എടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.’ജനങ്ങളെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള ഉപാധിയായാണ് ഞാന്‍ സാങ്കേതികവിദ്യയെ കാണുന്നത്. രണ്ടുപതിറ്റാണ്ടുമുമ്പ് നമുക്ക് ആലോചിക്കാന്‍പോലും കഴിയാത്തവിധം ജനജീവിതത്തെ മെച്ചപ്പെടുത്താന്‍ ഡിജിറ്റല്‍ കാലത്തിന് കഴിയുന്നുണ്ട്’- അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരായ മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യം നദെല്ല, ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെയ്, അഡോബിന്റെ സി.ഇ.ഒ ശന്തനു നാരായണ്‍ തുടങ്ങി 350 പേരാണ് വിരുന്നിനെത്തിയത്. ഡിജിറ്റല്‍ ഇന്ത്യാ പദ്ധതിയുടെ വിവിധ തലങ്ങളില്‍ ഈ സ്ഥാപനങ്ങളുടെ പിന്തുണയുണ്ടാവും.ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സ്റ്റാര്‍ട്ട് അപ് രാജ്യമെന്നാണ് പിച്ചെയ് ഇന്ത്യയെ വിശേഷിപ്പിച്ചത്. 500 റെയില്‍വേസ്റ്റേഷനുകളില്‍ വൈ-ഫൈ സൗകര്യമൊരുക്കാന്‍ ഗൂഗിള്‍ സഹായിക്കും. അഞ്ചുലക്ഷം ഗ്രാമങ്ങളില്‍ ചെലവുകുറഞ്ഞ ബ്രോഡ്ബാന്‍ഡ് എത്തിക്കാമെന്നായിരുന്നു സത്യം നദെല്ലയുടെ വാഗ്ദാനം.
ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് ‘ഇന്ത്യയില്‍ നിര്‍മിക്കാന്‍’ പ്രധാനമന്ത്രി ക്ഷണിച്ചത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവും. ഇന്ത്യയിലെ തങ്ങളുടെ വിപണിപങ്കാളിത്തം കൂട്ടാനാണ് ആപ്പിളിന്റെ ശ്രമം.
ഡിജിറ്റല്‍ ലോകത്തെ പദപ്രയോഗങ്ങള്‍ മേമ്പൊടി ചേര്‍ത്തായിരുന്നു മോദിയുടെ പ്രഭാഷണം. ഇപ്പോള്‍ സ്റ്റാറ്റസ് എന്നാല്‍ നിങ്ങള്‍ ഓണ്‍ലൈനാണോ ഓഫ്ലൈനാണോ എന്നതിന്റെ സൂചനയായി എന്ന വാക്ക് കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.’അസ്തമയ സൂര്യന്‍ അവസാനമെത്തുന്ന സ്ഥലമാണ് കാലിഫോര്‍ണിയ. പക്ഷെ, പുത്തന്‍ ആശയങ്ങള്‍ ആദ്യം ഉദിക്കുന്നതും ഇവിടെയാണ്’ എന്ന വാക്കുകളും സദസ്സിനെ രസിപ്പിച്ചു. ഫെയ്‌സ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമുമാണ് പുതിയ ലോകത്തെ അയല്‍ക്കാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുട്ടൊപ്പമെത്തുന്ന നിക്കറും ബനിയനും ധരിച്ചും ജോലിചെയ്യാവുന്ന സ്ഥലമായിരുന്നു ഫെയ്‌സ്ബുക്ക്. കോട്ടിന്റെയും ടൈയുടേയും ഔപചാരികത ഉപേക്ഷിച്ചവര്‍. കോളറില്ലാത്ത ചാരനിറത്തിലുള്ള ബനിയനും ജീന്‍സും ധരിച്ചെത്തുന്ന സി.ഇ.ഒ. ഉള്ള സ്ഥാപനം.പക്ഷെ ഞായറാഴ്ച ഫെയ്‌സ്ബുക്കും ഔപചാരികതയെ പുല്‍കി. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് ജീവനക്കാര്‍ക്കും പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും കമ്പനി ‘ഡ്രസ് കോഡ്’ നിര്‍ദേശിച്ചിരുന്നു. സ്യൂട്ടാണ് പുരുഷന്മാര്‍ക്ക് നിര്‍ദേശിച്ചത്. ‘നല്ല വേഷം’ ധരിച്ചെത്താന്‍ സ്ത്രീകളോടും നിര്‍ദേശിച്ചു.
ബാറ്ററി സാങ്കേതികവിദ്യ, വീണ്ടും ഉപയോഗിക്കാവുന്ന ഊര്‍ജം, ഊര്‍ജസംഭരണം എന്നിവയില്‍ മുന്‍നിരക്കാരായ ‘തെസ്ല’ കമ്പനി പ്രധാനമന്ത്രി സന്ദര്‍ശിച്ചു. സി.ഇ.ഒ.എലന്‍ മസ്‌കുമായി ചര്‍ച്ച നടത്തിയ അദ്ദേഹം ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ ടെസ്റ്റ് ഡ്രൈവും നടത്തി.