തലയില്ലാത്ത കോഴി ജീവിച്ചത് 18 മാസം; രഹസ്യം പുറത്ത്

യു.എസ്: അരനൂറ്റാണ്ടുമുമ്പ് യു.എസിലെ കോളറാഡോയില്‍ ജീവിച്ച തലയില്ലാത്ത കോഴിയെക്കുറിച്ച നിഗൂഢതകളുടെ ചുരുളഴിയുന്നു. 1945 സെപ്റ്റംബര്‍ 10നാണ് ലോയ്ഡ് ഒല്‍സന്‍ എന്ന കര്‍ഷകന്‍ അത്താഴം തയാറാക്കാനായി മൈക് എന്ന അഞ്ചരമാസം പ്രായമുള്ള കോഴിയെ അറുത്തത്. തലയറുത്തിട്ടും വികൃതമായ ഭാവത്തോടെ നടന്നുനീങ്ങിയ കോഴിയെ കണ്ട് ഒല്‍സന്‍ അന്ധാളിച്ചുനിന്നു.
ജുഗുലര്‍ രക്തധമനിയില്‍ കത്തി തട്ടാതിരുന്നതുമൂലം ഒരു ചെവിയും തലച്ചോറിന്‍െറ ഒരു ഭാഗവും കേടു കൂടാതെയിരുന്നതാണ് കാരണം. അന്നനാളത്തിലേക്ക് ഭക്ഷണം അരിച്ചുനല്‍കി മൈക്കിന്‍െറ ജീവന്‍ നിലനിര്‍ത്താനായി പിന്നെ ഒല്‍സന്‍െറ ശ്രമം. കോഴിയെ പ്രദര്‍ശനവസ്തുവാക്കി കോടികള്‍ സമ്പാദിക്കാനും ഒല്‍സന് കഴിഞ്ഞു. നാട്ടിലാകെ ചര്‍ച്ചയായ കോഴി നിരവധി പ്രസിദ്ധീകരണങ്ങളുടെ കവര്‍ ചിത്രവുമായി. 18 മാസം ജീവിച്ച കോഴി 1947ല്‍ ഒല്‍സന്‍ ഭക്ഷണം നല്‍കാന്‍ മറന്നുപോയ ദിവസം ശ്വാസംകിട്ടാതെ ചത്തുപോയി. ഇതിനകം മിറാക്ള്‍ മൈക്, മൈക് ദ ഹെഡ്ലെസ് ചിക്കന്‍ എന്നീ പേരുകളില്‍ മൈക് ഏറെ പ്രശസ്തനായിരുന്നു.
വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും മൈക്കിന്‍െറ തലയില്ലാത്ത ജീവിതരഹസ്യം പുറത്തായിരുന്നില്ല. തലച്ചോറിന്‍െറ ഒരുഭാഗം പ്രവര്‍ത്തനക്ഷമമായി നിന്നതുകൊണ്ടാണ് മൈക്കിന് ജീവിക്കാനായതെന്ന കണ്ടത്തെലാണ് വീണ്ടും ഈ കോഴി വാര്‍ത്തയാവാനിടയാക്കിയത്. മൈക്കിന്‍െറ പ്രശസ്തികണ്ട് തലയില്ലാത്ത കോഴികളെ സൃഷ്ടിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഒല്‍സനെ തുണച്ചതുപോലെ ഭാഗ്യം കൂടെ വന്നില്ല.

Top