തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച് ബിജെപി.
സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിസി ജോര്‍ജ് താന്‍ മത്സരിക്കാമെന്ന വാഗ്ദാനവുമായി ബിജെപി നേതൃത്വത്തെ സമീപിച്ചുവെന്നാണ് വിവരം.
എന്നാല്‍ ഉപാധികളില്ലാതെ മത്സരിക്കാനായാല്‍ മാത്രം പിസി ജോര്‍ജിനെ പരിഗണിച്ചാല്‍ മതിയെന്നും തന്റെ കഴിവ് ജോര്‍ജ് തെളിയിക്കട്ടെയെന്നുമാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം.
എന്‍ഡിഎ ഘടകകക്ഷിയായിരുന്നിട്ട് ഒരിക്കല്‍ ബിജെപിയെ കുറ്റം പറഞ്ഞു പുറത്തുപോയ പിസി ജോര്‍ജിനെ പെട്ടെന്നങ്ങ് വിശ്വാസത്തിലെടുക്കാന്‍ ദേശീയ നേതൃത്വം തയ്യാറല്ലെന്നാണ് സൂചന.
തൃക്കാക്കരയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിനെ മത്സരിപ്പിക്കാമെന്നായിരുന്നു ബിജെപി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരിക്കാന്‍ ജേക്കബ് തോമസ് തയ്യാറാല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മറ്റു നേതാക്കളെ പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനിടെയാണ് ഹിന്ദു മഹാസമ്മേളനത്തിലെ ജോര്‍ജിന്റെ പ്രസംഗവും അറസ്റ്റും തുടര്‍ നടപടികളും വരുന്നത്. പിന്നീട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ജോര്‍ജ് മത്സരിച്ചാല്‍ നേട്ടമുണ്ടാകുമെന്ന വിലയിരുത്തലില്‍ ഒരു വിഭാഗം എത്തിയത്. ക്രൈസ്തവ വോട്ടുകള്‍ അനുകൂലമാക്കാന്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയുമെന്നും ഇവര്‍ അവകാശപ്പെട്ടു.
എന്നാല്‍ ഇക്കാര്യം കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല. പിസി ജോര്‍ജിനെ മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വസിക്കാനാവില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പക്ഷം. ജോര്‍ജിനെ മത്സരിപ്പിച്ചാല്‍ 35000 ത്തിലധികം വോട്ടുകളെങ്കിലും നേടിയില്ലെങ്കില്‍ ഭാവി സഹകരണം ഉണ്ടാകില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഏതെങ്കിലും പദവികള്‍ വേണമെന്ന ഉപാധികള്‍ അംഗീകരിക്കില്ലെന്നും നേതൃത്വം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രം സ്ഥാനാര്‍ത്ഥിത്വം നല്‍കൂ എന്നാണ് ബിജെപി നിലപാട്. ഇതു ജോര്‍ജ് അംഗീകരിക്കുമോയെന്ന് കണ്ടറിയണം.
അതേസമയം ജോര്‍ജ് അല്ലെങ്കില്‍ ബിജെപിയുടെ സ്വന്തം സ്ഥാനാര്‍ത്ഥി തന്നെയാകും മത്സരിക്കുക. മുതിര്‍ന്ന നേതാവ് എഎന്‍ രാധാകൃഷ്ണന്‍, സംസ്ഥാന വക്താവ് ടിപി സിന്ധുമോള്‍, മഹിളാ മോര്‍ച്ച നേതാവ് അഡ്വ. ഒ എം ശാലീന എന്നിവരാണ് അടുത്ത പരിഗണനാ പട്ടികയില്‍ ഉള്ളത്.
ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പശ്ചാത്തലത്തില്‍ വനിതയെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ശാലീനയ്‌ക്കോ സിന്ധുമോള്‍ക്കോ നറുക്കു വീഴും. അതേസമയം ഏറ്റവും അവസാനമായി തനിക്ക് ഒരു തവണകൂടി അവസരം നല്‍കണമെന്നാണ് എഎന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെടുന്നത്. നില മെച്ചപ്പെടുത്താന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.