
തൃശൂര്‍: നഗര മധ്യത്തില്‍ കഞ്ചാവ് കൃഷി തൃശൂരിലെ പ്രധാന വ്യാപാര സമുച്ചയങ്ങള്‍ക്ക് സമീപമാണ് എക്‌സൈസ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.അഞ്ച് മാസത്തോളം പ്രായമുള്ള രണ്ട് ചെടികളാണ് എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ കണ്ടത്. കഞ്ചാവ് ചെടികള്‍ കൃഷി ചെയ്തയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. തൃശൂര്‍ നഗരത്തിന്റെ ഒത്ത നടുക്ക്, രണ്ട് വ്യാപാരസമുച്ചയങ്ങള്‍ക്ക് ഇടയിലാണ് കഞ്ചാവ് ചെടികള്‍.
കേരളത്തില്‍ സാധാരണയായി കാണുന്നതും മികച്ച ഗുണനിലവാരമുള്ള നീലച്ചടയനാണ് രണ്ടും. അഞ്ചടി ഉയര്‍ച്ചയില്‍ പൂര്‍ണവളര്‍ച്ചയെത്തിയതാണ് ഒരു ചെടി. രണ്ടാമത്തേതിന് മൂന്ന് മാസത്തോളം പ്രായം വരും. കോലഴി എക്‌സൈസ് ഇന്റലിജന്‍സ് സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് തൃശൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. അതേ സമയം കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ വിരുതന്‍മാരെകുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ചെടികള്‍ നട്ടുവളര്‍ത്തിയതാണോ ആരെങ്കിലും കഞ്ചാവ് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പൊടിയില്‍ നിന്ന് വളര്‍ന്നതാണോ എന്ന കാര്യത്തില്‍ എക്‌സൈസ് സംഘത്തിന് സ്ഥിരീകരണമില്ല. അതിനാല്‍ നിലവില്‍ ആരുടെയും പേരില്‍ കേസ് എടുത്തിട്ടില്ല. വ്യാപാര സമുച്ചയത്തിന്റെ ഉടമയുടെയും ജീവനക്കാരുടെയും മൊഴി എടുത്ത് ശേഷം വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.