ദിവസവും യോഗ ചെയ്യു ആരോഗ്യം വര്‍ധിപ്പിക്കു….

മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന അനന്തവും അത്ഭുതകരവുമായ കഴിവുകളെയും ചിന്തകളെയും നേര്‍രേഖയിലേക്ക് നയിച്ച് അവനെ പരിപൂര്‍ണ്ണനാക്കുവാന്‍ ശ്രമിക്കുക എന്നുള്ളതാണ് യോഗ ശാസ്ത്രങ്ങളുടെ അന്ത്യന്തിക ലക്ഷ്യം. യോഗ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ യോജിപ്പിക്കുക അഥവ ഐക്യപ്പെടുത്തുക എന്നുള്ളതാണ് നമ്മുടെ ശരീരമാകുന്ന ബാറ്ററിയെ ചാര്‍ജ്ജ് ചെയ്യുന്ന ചക്രിയയാണ് യോഗ എന്നത്. ശരീരം, മനസ്‌സ്, ആത്മാവ് എന്നിവയുടെ കൂടിച്ചേരല്‍ ആണ് യോഗ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യന്റെ ശാരീരികവും മാനസ്‌സികവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാര മാര്‍ഗ്ഗമാണ് യോഗ എന്നത്. സാധാരണക്കാരനും തുടക്കക്കാരനും മനസ്‌സിലാകത്തക്ക വിധത്തില്‍ ലളിതവും പ്രയോജനകരവുമായ വ്യായാമ രീതികളെക്കുറിച്ചും യോഗാസനങ്ങളെക്കുറിച്ചുമാണ് ഇവിടെ പ്രദിപാദിക്കുന്നത്. ജീവിത കാലം മുഴുവന്‍ അഭ്യസിക്കേണ്ട ജീവിതചര്യയാണ് യോഗ എന്നത്.
നല്ല മനോഭാവത്തോട് കൂടി യോഗശാസ്ത്രത്തെ സമീപിക്കുകയും ക്ഷമയോട് കൂടി യോഗാസനങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്നുള്ളതാണ് യോഗ പഠിതേതാവ് എന്ന നിലയില്‍ നാം ചെയ്യേണ്ടത്.
യോഗാസനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പ്രഭാത കര്‍മ്മങ്ങള്‍ക്ക് ശേഷം (മലശോധനാദി നിത്യ കര്‍മ്മങ്ങള്‍ക്ക് ശേഷം) യോഗാസനം ചെയ്യുക.
2. പ്രഭാതത്തില്‍ ചെയ്യുന്നതാണ് ഉത്തമം. അതിന് സാധിക്കാത്തവര്‍ വൈകുന്നേരങ്ങളില്‍ ചെയ്യാന്‍ ശ്രമിക്കുക. എല്ലാ ദിവസവും ആ നിശ്ചിത സമയത്ത് ചെയ്യുവാന്‍ ശ്രദ്ധിക്കുക.
3. യോഗാമാറ്റ് അല്ലെങ്കി നല്ല നീളവും വീതിയും കട്ടിയുമുള്ള ബഡ്ഷീറ്റ് യോഗാസനം ചെയ്യുവാന്‍ ഉപയോഗിക്കുക.
4. യോഗാസനം ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഒരു ഭാഗവും ഭൂമിയെ സ്പാര്‍ശിക്കാത്ത വിധം യോഗാമാറ്റില്‍ ഇരുന്നോ, കിടന്നോ, നിന്നോ വേണം യോഗാസനങ്ങള്‍ അനുഷ്ഠിക്കുവാന്‍.
5. യോഗാസനം ചെയ്യേണ്ടത് കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായിട്ട് വേണം.
6. നല്ല വായു സഞ്ചാരം ലഭിക്കുന്ന മറ്റ് ശല്യങ്ങള്‍ ഒന്നുമില്ലാത്ത സ്ഥലമോ മുറിയോ ഇതിനായി ഉപയോഗിക്കുക.
7. യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ ധരിക്കാവുന്ന വസ്ത്രങ്ങള്‍ ഇന്ന് ലഭ്യമാണ്. ശരീരത്തിന്റേയോ കൈകളുടെയോ ചലനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാത്ത വസ്ത്രങ്ങള്‍ ഇതിനായി ഉപയോഗിക്കുക.
8. ഒരു പ്രത്യേക ആസനം ചെയ്യുമ്പോള്‍ ക്ഷീണമോ അസുഖമോ തോന്നിയാല്‍ തല്‍ക്കാലം അതില്‍ നിന്നും മാറി ശവാസനത്തിലോ അല്ലെങ്കില്‍ അതിന് തതുല്യമായ സുഖകരമായ ആസനത്തിലോ ആയിരിക്കുവാന്‍ ശ്രമിക്കുക.
9. യോഗാസനം കഴിഞ്ഞ് കുറഞ്ഞത് 15 മിനിറ്റിന് ശേഷം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വൈകുന്നേരങ്ങളില്‍ യോഗാസനം ചെയ്യുന്നവര്‍ 30 മിനിറ്റ് വയറിന് വിശ്രമം നല്‍കിയ ശേഷം യോഗാസനങ്ങള്‍ ചെയ്യുക.
10. നല്ല ക്ഷമയോടും ആത്മ വിശ്വാസത്തോടും കൂടി സ്വന്തം ശരീരത്തിനും മനസ്‌സിനും വേണ്ടിയാണ് ചെയ്യുന്നത് എന്ന ബോധ്യത്തോട് കൂടി യോഗാസനങ്ങള്‍ ചെയ്യുക.
ആത്മാര്‍ത്ഥമായ പരിശ്രമം, നിരന്തരമായ അഭ്യാസം, കൃത്യനിഷ്ഠ എന്നീ സ്വാഭാവ ഗുണങ്ങളോട് കൂടി നമുക്ക് ഡെയ്‌ലി യോഗ എന്ന ആശയത്തെ സമീപിക്കാം.

Top