നാടുകടത്തലിനു മു്ന്‍പ് തടവ്: ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ സൗകര്യം വര്‍ധിപ്പിക്കണമെന്നു ആവശ്യം ശക്തം

ദോഹ: കുറ്റംചെയ്തവരെ സ്വദേശത്തേക്ക് നാടുകടത്താന്‍ തടവിലിടുന്ന ഡീപോര്‍ട്ടേഷന്‍ സെന്ററിലും ജയിലിലും ആളുകള്‍ കൂടുന്നതിനനുസരിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മിറ്റി ( എന്‍.എച്ച്.ആര്‍.സി). ഡീപോര്‍ട്ടേഷന്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ എണ്ണതിലുണ്ടാവുന്ന വര്‍ധനവ് സംഘര്‍ഷ സാധ്യതയും ശുചിത്വമില്ലായ്മക്കുമിടയാക്കുമെന്നും എന്‍.എച്ച്.ആര്‍.സി റിപ്പോര്‍ട്ടില്‍ പറയുന്നു.
സേര്‍ച്ച് ആന്റ് ഫോളോ അപ്പ് വകുപ്പു് മുമ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സല്‍വ റോഡിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ തടവ് കേന്ദ്രത്തില്‍ 1,100ഓളം പുരുഷന്മാരെയും 300 സ്ത്രീകളെയും പാര്‍പ്പിച്ചിരിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അന്താരാഷ്ട്ര മാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഖത്തറിലെ ഇത്തരം കേന്ദ്രങ്ങളെന്നും ആവശ്യമായ വെള്ളവും ശുചിത്വവും പ്രാഥമിക ചികില്‍സാ സൗകര്യവും തടവുകാര്‍ക്ക് ലഭിക്കുന്നുണ്ടെന്നുമാണ് മുമ്പ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കണ്ടത്തെിയത്.
എന്നാല്‍, കുടിയേറ്റക്കാരുടെ മനുഷ്യാവകാശം സംബന്ധിച്ച യു.എന്‍. സ്‌പെഷ്യല്‍ ഉദ്യോഗസ്ഥന്‍ ഫ്രാന്‍ങ്കോയിസ് ക്രെപോ 2013ല്‍ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ ഡീപോര്‍ട്ടേഷന്‍ ക്യാമ്പില്‍ തടവില്‍ കഴിയുന്നവരുടെ എണ്ണം കൂടുതലാണെന്നും അനാരോഗ്യകരമായ അവസ്ഥയാണുള്ളതെന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വസ്ത്രങ്ങളോ, കിടക്കാനുള്ള വിരികളോ ഇല്ലാത്ത അനേകം തടവുകാരുണ്ടെന്നും പലരും അന്തിയുറങ്ങുന്നത് നിലത്തും വരാന്തയിലും വിരിച്ച കിടക്കകളിലാണെന്നും കണ്ടത്തെിയിരുന്നു. ഇതുപ്രകാരം എന്‍.എച്ച്.ആര്‍.സിയുടെ റിപ്പോര്‍ട്ടില്‍ ഡിപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
ഖത്തര്‍ നിയമപ്രകാരം ഒരാള്‍ ശിക്ഷാര്‍ഹമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടിരുന്നുവെന്ന് തെളിഞ്ഞാല്‍ ആറു മാസംവരെ തടവില്‍വെക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ഇങ്ങനെ മുന്‍കരുതല്‍ തടവിലായ 3,507 പേര്‍ 2014ല്‍ ജയിലുകളിലുണ്ടായിരുന്നതായി എന്‍.എച്ച്.ആര്‍.സി പറയുന്നു. ചെക്കുകള്‍ മടങ്ങിയ കേസുകളില്‍പ്പെട്ട് ജയിലിലായവരാണ് കൂടുതലും. 47 വര്‍ഷമായി തടവ് ശിക്ഷയനുഭവിക്കുന്ന ഒരാളെയും എന്‍.എച്ച്.ആര്‍.സി കണ്ടത്തെിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് തടവിലിടുന്നവരുടെ എണ്ണം പെരുകുകയാണെന്നും, കരാറടിസ്ഥാനത്തിലുള്ള വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നതെന്നും ഇത് കുറക്കാനുള്ള നിയമങ്ങള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top