നാല് പതിറ്റാണ്ടിന്റെ വിജയ വര്‍ഷങ്ങള്‍ പിന്നിട്ട് ഷോലെ…

മുംബൈ: നാല്‍പ്പത് വിജയവര്‍ഷങ്ങള്‍ പിന്നിട്ട് ഷോലെ. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഷോലെ 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് ഈ സ്വാതന്ത്ര്യദിനത്തില്‍. വെള്ളിത്തിരയില്‍ പുതിയ ചരിത്രമെഴുതിയ ചിത്രം പ്രേക്ഷകരെ ഇന്നും ആവേശം കൊള്ളിക്കുന്നു. 1975 ഓഗസ്റ്റ് 15നണ് ഷോലെ റിലീസ് ചെയ്തത്. 40 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഷോലെയുടെ മാറ്റ് കുറയുന്നില്ല. വീരുജയ് സൗഹൃദവും കുസൃതിക്കാരിയായ ബസന്തിയും ഠാക്കൂറിന്റെ പകയും ഗബ്ബര്‍ സിംഗിന്റെ അലര്‍ച്ചയും.

ഇതിഹാസങ്ങളുടെ നാടായ ഇന്ത്യയിലെ ഈ സിനിമാ ഇതിഹാസ കഥ ഇന്നത്തെ കൗമാരക്കാരന് പോലും മനപ്പാഠം. ഭാഷാഭേദമില്ലാതെ ഷോലെ ഇന്നും എന്നും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നു. തിരക്കഥാകൃത്തുക്കളായ സലിംഖാന്റെയും ജാവേദ് അക്തറിന്റെയും തൂലികയില്‍ പിറന്ന ഒരു കൊച്ചു കഥ നമ്മുടെ സിനിമാസങ്കല്‍പ്പങ്ങളെ തന്നെ പൊളിച്ചെഴുതി. പല പ്രമുഖ നിര്‍മ്മാതാക്കളും സംവിധായകരും വേണ്ടെന്ന് പറഞ്ഞൊഴിവാക്കിയ കഥയില്‍ സിനിമയുടെ വലിയ സാധ്യതകള്‍ കണ്ടെത്തിയത് രമേഷ് സിപ്പി എന്ന സംവിധായകനായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബംഗലൂരുവിലെ രാമനഗറിലെ പാറക്കെട്ടുകളില്‍ രണ്ടര വര്‍ഷം നീണ്ട ചിത്രീകരണം. പല രംഗങ്ങളും തൃപ്തിവരാതെ സിപ്പി വീണ്ടും വീണ്ടും ചിത്രീകരിച്ചു. യേ ദോസ്തി എന്ന ഗാനരംഗം പൂര്‍ത്തിയാക്കാന്‍ 21 ദിവസമെടുത്തു. സിനിമ തീയറ്ററുകളിലെത്തിയപ്പോള്‍ ആദ്യ ആഴ്ച തണുത്ത പ്രതികരണം. നിരൂപകര്‍ ആദ്യം നെറ്റിച്ചുളിച്ചെങ്കിലും പതിയെ ഷോലെയെ പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നീടുള്ളത് ചരിത്രം. മുംബൈ മിനര്‍വ തീയറ്ററില്‍ അടക്കം 5 വര്‍ഷം തുടര്‍ച്ചയായി ഓടി ഷോലെ പുതിയ ചരിത്രമെഴുതി.

പാശ്ചാത്യശൈലിയില്‍ സൗഹൃദവും പ്രണയവും വയലന്‍സും ഇഴചേര്‍ ന്ന ചിത്രം അന്നുവരെ കണ്ട ബോളിവുഡ് സിനിമകളില്‍ നിന്ന് വഴി മാറി സഞ്ചരിച്ചു. ആര്‍ ഡി ബര്‍മ്മന്റെ സംഗീതവും കരുത്തു പകര്‍ന്നു. കഴിഞ്ഞ വര്‍ഷം ത്രീഡിയില്‍ ഷോലെ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. 40 വര്‍ഷത്തിനിടെ ഇന്ത്യന്‍ സിനിമ മാറി. ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ പിറക്കുന്നു. പക്ഷേ ഷോലെ എന്നും ഷോലെ തന്നെ.

Top