‘നിശ്ചയദാര്‍ഢ്യത്തിന് പകരം വയ്ക്കാന്‍ ഈ ലോകത്ത് മറ്റൊന്നുമില്ല. കഴിവും പ്രതിഭയും വിഭ്യാഭ്യാസവും കൊണ്ടുമാത്രം കാര്യമില്ല. മികച്ച കഴിവുള്ളവര്‍ പരാജയപ്പെടുന്ന കാഴ്ച വളരെ സാധാരണമാണ്. അസാമാന്യ പ്രതിഭയ്ക്ക് അംഗീകാരമില്ല എന്നതൊരു പഴഞ്ചൊല്ല് പോലെയാണ്. വിദ്യാഭ്യാസമുണ്ടായിട്ടും യാതൊരു പ്രയോജനവുമില്ലാത്തവരെക്കൊണ്ട് നിറഞ്ഞതാണ് ഈ ലോകം. വാശിയും നിശ്ചയദാര്‍ഢ്യവുമാണ് പ്രധാനം.’
കാല്‍വിന്‍ കൂളിഡ്ജ്
‘തടസങ്ങളും പിന്തിരിപ്പിക്കലുകളും അസാധ്യതകളും മറികടക്കുന്ന നിശ്ചയദാര്‍ഢ്യം. കരുത്തുള്ള ഒരു മനസിനെ ദുര്‍ബലമായ ഒന്നില്‍ നിന്നും വേര്‍തിരിക്കുന്നത് അത് മാത്രമാണ്’
തോമസ് കാര്‍ലെയ്ല്‍
ജീവിതത്തില്‍ വിജയം കണ്ടെത്തിയവരുടെ സ്വഭാവ വിശേഷങ്ങളില്‍ പ്രധാനപ്പെട്ടതാണ് നിശ്ചയദാര്‍ഢ്യം. ജീവിത ലക്ഷ്യങ്ങളും സ്വപ്‌നങ്ങളും ഇവര്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ല. ലക്ഷ്യത്തില്‍ എത്താനുള്ള ശ്രമത്തിനിടയില്‍, കഠിനാധ്വാനം ചെയ്യാനുള്ള കഴിവും ആത്മസമര്‍പ്പണവും പ്രതിബദ്ധതയും ഉണ്ടെങ്കിലും ഒട്ടേറെ തടസങ്ങളും പരാജയവും തിരിച്ചടികളും പ്രശ്‌നങ്ങളും നേരിടേണ്ടി വരുമെന്ന് ഈ വിജയികള്‍ക്കറിയാം.കലയായാലും സാഹിത്യമായാലും ശാസ്ത്രമായാലും നിര്‍ബന്ധബുദ്ധി കൊണ്ട് ഉയര്‍ച്ചയിലെത്തിയവരുടെ കഥകള്‍ നമ്മുടെ ചരിത്രത്തില്‍ ഏറെയാണ്.
കഴിവുകള്‍ കുറവാണെങ്കിലും ആ പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു ഗുണമാണ് നിശ്ചയദാര്‍ഢ്യം എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ സ്വഭാ വത്തിന് ഇത്ര പ്രാധാന്യം വിശിഷ്ട വ്യക്തികള്‍ നല്‍കുന്നത്. എബ്രഹാം ലിങ്കണ്‍, ഹെന്റി ഫോഡ്, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, സാം വാല്‍ട്ടണ്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെ വിജയികള്‍ നിര്‍ബന്ധ ശീലമുള്ളവരായിരുന്നു.
നിശ്ചയദാര്‍ഢ്യമുള്ളവരുടെ ചില പൊതുസ്വഭാവങ്ങള്‍
? വിജയിക്കും വരെ ശ്രമിക്കും: ഒരു ദിവസം കൊണ്ട് നേടാവുന്നതല്ല വിജയം എന്ന് ഇവര്‍ക്കറിയാം. അതുകൊണ്ട്, ശ്രമങ്ങള്‍ ഉപേക്ഷിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുന്ന ഈ വ്യക്തികളെ ഒരു തടസവും പ്രശ്‌നവും ബാധിക്കില്ല.
? തിരിച്ചടികള്‍ നിരുല്‍സാഹപ്പെടുത്തില്ല: ഏത് പ്രതിസന്ധിയും വെല്ലുവിളികളും ഈ വ്യക്തികളെ പിന്തിരിപ്പിക്കില്ല. ഓരോ പരാജയവും ഇവരെ കൂടുതല്‍ ശക്തരാക്കും.
? ചെയ്യുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കില്ല: ഒരിക്കലും പരാജയം സമ്മതിച്ച് പിന്തിരിയരുത് എന്നതാണ് ഇവരുടെ ജീവിതവാക്യം.
? മറ്റുള്ളവരുടെ ഉപദേശം തേടും: പ്രധാനപ്പെട്ടതോ, ബുദ്ധിമുട്ടുള്ളതോ ആയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മറ്റുള്ളവരുടെ അഭിപ്രായം തേടാന്‍ ഇവര്‍ മടിക്കാറില്ല, മാത്രമല്ല, ഇത്തരം സാഹചര്യങ്ങളില്‍ വിജയികളായ വ്യക്തികള്‍ എന്താണു ചെയ്തതെന്ന് മനസിലാക്കി അതുപോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.
? പരാജയങ്ങളെ പേടിക്കില്ല: ഏത് പരാജയത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച്, എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് വിശകലനം ചെയ്ത് ആ കാര്യങ്ങള്‍ കൂടി ഭാവി പദ്ധതികളില്‍ ഉപയോഗപ്പെടുത്താന്‍ ഇവര്‍ക്കറിയാം.
? പ്രതിബദ്ധത കാത്തുസൂക്ഷിക്കും: എന്തെല്ലാം തടസങ്ങളും വെല്ലുവിളികളും ഉണ്ടായാലും
ചെയ്യുന്ന ജോലികള്‍ പൂര്‍ത്തിയാക്കാനും ലക്ഷ്യത്തിലെത്താനും ഇവരുടെ കമിറ്റ്‌മെന്റ് സഹായിക്കും.
? വിഷ്വലൈസ് ചെയ്യും: പോസിറ്റീവായ കാര്യങ്ങള്‍ ചെയ്യുന്നതും അതിന് റിസള്‍ട്ട് ലഭിക്കുന്നതും ലക്ഷ്യത്തില്‍ എത്തുന്നതും ഈ വ്യക്തികള്‍ എപ്പോഴും വിഷ്വലൈസ് ചെയ്യും.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണിന്റെ ജീവിത വിജയം ഈ സ്വഭാവ വിശേഷത്തിന്റെ മികച്ച തെളിവാണ്. പൊതുജീവിതത്തിലെ തിരിച്ചടികളും പരാജയങ്ങളും സ്വകാര്യ ജീവിതത്തിലെ ദുരന്തങ്ങളും അതിജീവിച്ചാണ് ലിങ്കണ്‍ അമേരിക്കയുടെ ഏറ്റവും മികച്ച പ്രസിഡന്റുമാരില്‍ ഒരാളായത്.
ഫോഡ് മോട്ടോര്‍ കമ്പനിയുടെ സ്ഥാപകനായ ഹെന്റി ഫോഡും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലും പ്രശസ്ത ഫാസ്റ്റ് ഫുഡ് ചെയ്‌നായ കെഎഫ്‌സിയുടെ സ്ഥാപകന്‍ കേണല്‍ ഹാര്‍ലന്റ് സാന്‍ഡേഴ്‌സും വാള്‍മാര്‍ട്ടിനു തുടക്കം കുറിച്ച സാം വാല്‍ട്ടണും അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ റാല്‍ഫ് ലോറനും ടോമി ഹില്‍ഫിഗറും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചത് ഈ സവിശേഷ ഗുണമാണ്.
നിശ്ചയദാര്‍ഢ്യം എങ്ങനെ
നിങ്ങളുടെ സ്വഭാവശീലമാക്കാം?
? ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഒരുപാട് പ്രതിസന്ധികളും തടസങ്ങളും തിരിച്ചടികളും പരാജയങ്ങളും നൈരാശ്യവും നേരിടേണ്ടി വരുമെന്ന് മനസിലാക്കുക.
? എന്ത് പ്രശ്‌നമുണ്ടായാലും വിജയിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കില്ല എന്ന് തീരുമാനിക്കുക. ഒരിക്കലും പിന്തിരിയില്ല എന്നതാകണം നിങ്ങളുടെ ആപ്തവാക്യം.
? ശുഭാപ്തിവിശ്വാസം കാത്തുസൂക്ഷിക്കുക. നിശ്ചയ ദാര്‍ഢ്യത്തോടെ മുന്നോട്ട് പോയാല്‍ ലക്ഷ്യത്തിലെത്തി സ്വപ്‌നങ്ങള്‍ എല്ലാം സാക്ഷാത്കരിക്കാം എന്നതില്‍ വിശ്വാസം വേണം.
? നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൂടുതല്‍ സമയവും ചെലവഴിക്കുക.
? പരാജയങ്ങളുടെയും തിരിച്ചടികളുടെയും തെറ്റുകളുടെയും കാരണങ്ങള്‍ വിശകലനം ചെയ്യണം. ഇതില്‍ നിന്നെല്ലാം പാഠങ്ങള്‍ പഠിച്ച് അവ പ്രയോഗത്തില്‍ വരുത്തുക.
? പരാജയങ്ങളെല്ലാം വിജയത്തിലേക്ക് നയിക്കുന്ന പടികളാണെന്ന് വിശ്വസിക്കുക.