പത്ത് വര്‍ഷം തുടര്‍ച്ചയായി ഗര്‍ഭിണി; ഒടുവില്‍ അഴിക്കുളളിലായ യുവതിയുടെ കഥ

ബെയ്ജിംഗ്: അഴിമതിക്കേസില്‍ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട യുവതി അത് മറികടക്കാന്‍ ഗര്‍ഭം ആയുധമാക്കിയ വാര്‍ത്തയാണ് ചൈനയില്‍ നിന്നും ലോകമാധ്യമങ്ങള്‍ ഏറ്റുപിടിക്കുന്നത്. ജീവപര്യന്തം തടവു വിധിക്കപ്പെട്ട യുവതി ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടുന്നതിന് പത്ത് വര്‍ഷത്തിനിടെ പതിമൂന്ന് തവണ ഗര്‍ഭിണിയായി. ചൈനയിലെ സ്വയംഭരണ പ്രദേശമായ സിംഗ്ജിയാങ്ങിലാണ് സംഭവം. 2005ല്‍ ഒരു അഴിമതിക്കേസില്‍ കുറ്റക്കാരിയായി ജീവപര്യന്തം തടവുശിക്ഷ ലഭിച്ച സെംഗ് എന്ന യുവതിയാണ് ജയിലില്‍ പോകുന്നത് തടയാന്‍ പതിമൂന്ന് തവണ ഗര്‍ഭിണിയായത്. 2005 ഒക്‌ടോബറിലാണ് ഉറൂംഖി പീപ്പിള്‍സ് കോടതി സെംങ്ങിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ശിക്ഷിക്കപ്പെടുമ്പോള്‍ സെംഗ് ഗര്‍ഭിണിയായിരുന്നു. ഇക്കാരണത്താല്‍ ഇവരെ ജയിലിലേക്ക് അയക്കുന്നത് അധികൃതര്‍ നീട്ടിവച്ചു. തുടര്‍ന്ന് ഇത് ലാക്കാക്കിയെടുത്ത യുവതി പതിമൂന്ന് തവണ കൂടി വീണ്ടും ഗര്‍ഭിണിയായി. ഓരോ തവണയും ഗര്‍ഭിണിയാണെന്ന് ചൂണ്ടിക്കാട്ടി നിയമത്തിന്റെ ആനുകൂല്യം നേടിയ സെംഗ് ജയിലില്‍ പോകുന്നത് ഒഴിവാക്കുകയായിരുന്നു. ആകെ പതിനാല് തവണ സെംഗ് തന്റെ ഗര്‍ഭം ചൂണ്ടിക്കാട്ടി ജയില്‍ശിക്ഷയില്‍ നിന്ന് ഇളവ് നേടി. ഇതില്‍ ഒരു തവണ മാത്രം സെംഗ് കളവു പറഞ്ഞ് അധികൃതരെ കബളിപ്പിക്കുകയായിരുന്നു. ബാക്കി പതിമൂന്ന് തവണയും സെംഗ് ശരിക്കും ഗര്‍ഭിണിയായിരുന്നു. കോടതി ജാമ്യകാലാവധി നീട്ടിനല്‍കിയാലുടന്‍ ഗര്‍ഭം അലസിപ്പിക്കുന്നതായിരുന്നു സെംഗ് പിന്തുടര്‍ന്നു വന്നിരുന്ന രീതി. പിന്നീട് വീണ്ടും പിടിക്കപ്പെടുമെന്ന ഘട്ടമെത്തുമ്പോള്‍ വീണ്ടും ഗര്‍ഭിണിയാകും. ഇങ്ങനെ നീണ്ട പത്ത് വര്‍ഷമാണ് സെംഗ് അധികൃതരെ വട്ടംചുറ്റിച്ചത്. സെംങ്ങിന്റെ പതിവ് അടവു തിരിച്ചറിഞ്ഞ മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് ജസ്റ്റിസ് ഒടുവില്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ചതോടെ മുപ്പത്തൊമ്പതുകാരിയായ സെംങ്ങിന്റെ തലവര മാറി. കഴിഞ്ഞ ദിവസം സിംഗ്ജിയാങ്ങിലെ ജയില്‍ അധികൃതര്‍ സെംഗിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 29ാം വയസില്‍ ശിക്ഷിക്കപ്പെട്ട സെംഗ് അങ്ങനെ 39ാം വയസില്‍ അഴികള്‍ക്കുള്ളിലായി.

Top