കറാച്ചി: മതനിന്ദ ആരോപിച്ച് പാകിസ്താനില്‍ മധ്യവയസ്‌കനെ കല്ലെറിഞ്ഞു കൊന്ന് മൃതദേഹം കെട്ടിത്തൂക്കി. പോലീസ് കസ്റ്റഡിയില്‍നിന്ന് ബലപ്രയോഗത്തിലൂടെ മോചിപ്പിച്ചശേഷമായിരുന്നു ജനക്കൂട്ടത്തിന്റെ പ്രാകൃതശിക്ഷാവിധി. പഞ്ചാബ് പ്രവിശ്യയിലെ ഖനേവാള്‍ ജില്ലയിലാണു ദാരുണസംഭവം.
ഖുറാന്റെ താളുകള്‍ അഗ്നിക്കിരയാക്കിയെന്നാരോപിച്ചാണ് മധ്യവയസ്‌കനെ പിടികൂടിയത്. നിരപരാധിയാണെന്ന് ആണയിട്ടിട്ടും നൂറുകണക്കിനു വരുന്ന ജനക്കൂട്ടം വിശ്വസിച്ചില്ല. കല്ലേറിനു മുമ്പ് സംഭവമറിഞ്ഞ് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ ജനക്കൂട്ടം പോലീസ് വാഹനത്തില്‍നിന്ന് ബലപ്രയോഗത്തിലൂടെ പുറത്തിറക്കി ‘വിചാരണ’ നടത്തി മരണശിക്ഷ വിധിക്കുകയായിരുന്നു. കൂട്ടക്കല്ലേറില്‍ മരിച്ച ഇയാളുടെ മൃതദേഹം പിന്നീട് മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു. ആള്‍ക്കൂട്ട ആക്രമണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ സിയാല്‍കോട്ടില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.
ദൈവദൂഷണം ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ മര്‍ദിച്ചു കൊന്ന് മൃതദേഹം പൊതുജനമധ്യത്തില്‍ കത്തിക്കുകയായിരുന്നു. സ്വകാര്യ ഫാക്ടറിയിലെ എക്സ്പോര്‍ട്ട് മാനേജരാണു മരിച്ചത്. നൂറുകണക്കിനാളുകള്‍ ഫാക്ടറിയില്‍നിന്ന് ഇയാളെ വലിച്ചിറക്കി മര്‍ദിച്ചു കൊന്ന് മൃതദേഹം കത്തിക്കുകയായിരുന്നു.