തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പുണ്യകേന്ദ്രങ്ങളില്‍ പിതൃക്കള്‍ക്ക് മോക്ഷ പ്രാര്‍ത്ഥനയുമായി ലക്ഷക്കണക്കിന് പേര്‍ ബലി തര്‍പ്പണം നടത്തി. കര്‍ക്കടക വാവ് പ്രമാണിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയില്‍ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുംമുഖം, വര്‍ക്കല, കോവളം, അരുവിക്കര, അരുവിപ്പുറം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ബലി തര്‍പ്പണത്തിന് എത്തിയത്. കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിലും ബലി തര്‍പ്പണത്തിന് വന്‍ തിരക്ക് അനുഭവപ്പെട്ടു. ആലുവ മണപ്പുറത്തും പതിനായിരങ്ങള്‍ ബലിയിട്ടു. 11 മണിവരെ തര്‍പ്പണം തുടരും.
പുലര്‍ച്ചെ മൂന്നോടെയാണ് പ്രധാന പുണ്യസ്ഥാനങ്ങളില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടിന് നട തുറന്നു. 3.30 ഓടെ ബലിതര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. വര്‍ക്കല പാപനാശത്ത് പുലര്‍ച്ചെ മൂന്നോടെ ചടങ്ങുകള്‍ തുടങ്ങി. നൂറോളണ്‍ കര്‍മ്മികളാണ് നേതൃത്വം നല്‍കിയത്. ശിവഗിരിയിലും ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. നെയ്യാറിലെ രാമേശ്വരം ക്ഷേത്രക്കടവ്, പൂവാര്‍ പൊഴിക്കര, അരുമാനൂര്‍ നയിനാര്‍ ക്ഷേത്രം, കുഴിത്തുറ താമ്രപര്‍ണി തടം, മാറനല്ലൂര്‍ അരുവിക്കര എന്നിവിടങ്ങളിലും നിരവധി പേര്‍ ബലിയിട്ടു.
കടപ്പുറങ്ങളില്‍ അപകടസാദ്ധ്യത കണക്കിലെടുത്ത് ബലിപ്പുരകള്‍ഒരുക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുമുല്ലവാരം, ആലുവ മണപ്പുറം, കോഴിക്കോട് വരയ്ക്കല്‍ കടപ്പുറം എന്നിവിടങ്ങളില്‍ നൂറുകണക്കിനാളുകള്‍ പുലര്‍ച്ചെ തന്നെ ബലിതര്‍പ്പണം നടത്താനെത്തി. മാറാട് ഗോപീശ്വരം കടപ്പുറത്തും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നു.
മലപ്പുറം തിരുനാവായയിലെ ഭാരതപ്പുഴയോരത്തെ നാവാമുകുന്ദ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിനായി ആയിരക്കണക്കിന് ആളുകള്‍ എത്തി. ബലിതര്‍പ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് സംസ്ഥാനത്തെമ്പാടും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രമുഖ ബലിതര്‍പ്പണ കേന്ദ്രങ്ങളിലേക്ക് ഇന്നലെ രാത്രി മുതല്‍ കെ. എസ്. ആര്‍. ടി. സി സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തി.