കണ്ണൂര്‍: ജയിലിലെ തടവുകാര്‍ വെള്ളമടിച്ചതിനെകുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചു. കടുത്ത നിയന്ത്രണങ്ങളുള്ള കണ്ണൂര്‍ ജയിലിലെ തടവുകാരാണ് കഴിഞ്ഞ ദിവസം മദ്യപിച്ച് ജയിലില്‍ ബഹളമുണ്ടാക്കിയത്.
നിര്‍മാണജോലിക്കായി പുറത്തേക്കയച്ച തടവുകാര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിന്നു ലഭിച്ച മദ്യം കഴിച്ചു ജയിലില്‍ പ്രശ്‌നമുണ്ടാക്കിയ സംഭവത്തില്‍ ഉത്തരമേഖലാ ജയില്‍ ഡിഐജി ശിവദാസ് കെ. തൈപ്പറമ്പില്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടി. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി ജോയിന്റ് സൂപ്രണ്ട് ഡി. സത്യരാജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സെന്‍ട്രല്‍ ജയിലിനു സമീപം ജയില്‍വകുപ്പു നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണജോലികള്‍ക്കു മണലെടുക്കുന്നതിനായി പാനൂര്‍ മേഖലയിലെ ഒരു പൊലീസ് സ്റ്റേഷനിലെത്തിയ തടവുകാര്‍ക്കാണു പൊലീസ് പിടിച്ചെടുത്ത അനധികൃത മദ്യക്കുപ്പികള്‍ ലഭിച്ചത്. പൊലീസ് സ്റ്റേഷനില്‍ വളപ്പില്‍ നിന്നു ലഭിച്ച മദ്യക്കുപ്പി മണലിനുള്ളില്‍ പൂഴ്ത്തി സ്റ്റേഡിയം നിര്‍മിക്കുന്ന സ്ഥലത്തെത്തിച്ചു മദ്യപിച്ചു. മണലിനുള്ളില്‍ നിന്ന് തടവുകാര്‍ക്ക് ഒരു വളയും കിട്ടി.
ഇത് സ്വര്‍ണമാണെന്ന ധാരണയില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് ജയിലിനകത്തെത്തിച്ചു. എന്നാല്‍ വള വീതിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ബഹളത്തില്‍ കലാശിക്കുകയായിരുന്നു. മദ്യലഹരിയില്‍ പോരടിച്ച തടവുകാരെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോഴാണു മദ്യവും വളയും വന്ന വഴിയറിയുന്നത്. സംഭവത്തില്‍ ഉള്‍പ്പെടെ ആറു തടവുകാരെയും ഒന്നാം ബ്ലോക്കില്‍ നിന്നു കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം ബ്ലോക്കിലേക്കു മാറ്റിയെങ്കിലും പ്രശ്‌നം മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാതെ ഒതുക്കിത്തീര്‍ക്കാനായിരുന്നു ശ്രമം