ഫോണ് സംഭാഷണം ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോയാല്‍ ഉപഭോക്താവിന് ഇനി മൊബൈല്‍ കമ്പനികളോട് നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന തീരുമാനം വരുന്നു.ഫോണ്‍ സംഭാഷണം ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോകുന്നത് സ്ഥിരം സംഭവമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ടെലികോം മന്ത്രാലയത്തിന് ലഭിച്ചിരുന്നു.
പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ ട്രായിയോട് മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. പരിഹാരമായി കൂടുതല്‍ സ്‌പെക്ട്രം അനുവദിക്കണമെന്നും,കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് മൊബൈല്‍ കമ്പനികള്‍ സ്വീകരിച്ച നിലപാട്.
എന്നാല്‍ മുബൈ,ദില്ലി എന്നീ പട്ടണങ്ങളില്‍ ട്രായ് നടത്തിയ സര്‍വ്വെയില്‍ ഫോണ് സംഭാഷണം മുറിഞ്ഞുപോകുന്നതിന് മൊബൈല്‍ കമ്പനികള്‍ നിരത്തിയ ന്യായീകരണങ്ങള്‍ വാസ്തവമല്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് ട്രായിയുടെ നടപടി. കോള്‍ മുറിയിലിന് എത്ര തുക നഷ്ടപരിഹാരം നല്‍കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജയ്റ്റലി വോഡഫോണ്‍ സിഇഒ വിറ്റോറിയോ കോളാവോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫോണ്‍ കോളുകള്‍ ഇടയ്ക്ക് വച്ച് മുറിഞ്ഞ് പോകുന്നതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. തിരക്കുള്ള നഗരങ്ങളില്‍ നിന്നുള്ള പരാതികള്‍ അവഗണിക്കാനാകാതെ വന്നതോടെയാണ് ട്രായിക്ക് കടുത്ത നടപടികളിലേക്ക് കടക്കേണ്ടിവന്നത്. അതേസമയം ട്രായിയുടെ തീരുമാനത്തെ നിയമപരമായി ചോദ്യം ചെയ്യാനായിരിക്കും മൊബൈല്‍ കമ്പനികളുടെ നീക്കം.