ബന്ധുനിയമന വിവാദത്തില്‍ താന്‍ അനുഭവിച്ച സംഘര്‍ഷങ്ങളെക്കുറിച്ച് പ്രതികരിച്ച് തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍.
യുഡിഎഫിന്റെ ആ ബോംബില്‍ എല്‍ഡിഎഫ് രണ്ടാമൂഴം തകര്‍ന്നേനെയെന്നും റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ് കേസിന്റെ വ്യവഹാരം തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന തരത്തിലാണ് ക്രമീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പത്ത് ദിവസം കൊണ്ടാണ് തനിക്കെതിരെയുള്ള പരാതി ഫയലില്‍ സ്വീകരിച്ച് വാദം കേട്ടാണ് വിധി പറഞ്ഞതെന്നും അദ്ദേഹം ‘പച്ച കലര്‍ന്ന ചുവപ്പ്’ എന്ന പേരില്‍ ‘സമകാലിക മലയാളം’ വാരികയില്‍ രാഷ്ട്രീയ ജീവിതകഥ പ്രസിദ്ധീകരിക്കുന്നതിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘എനിക്കൊരു നോട്ടീസ് പോലും അയച്ചില്ല. സ്വന്തമായി ഒരു വക്കീലിനെ വെക്കാന്‍ പോലും അവസരം തന്നില്ല. തെരഞ്ഞെടുപ്പിന് മുമ്ബ് യുഡിഎഫ് പൊട്ടിക്കാന്‍ ഉദ്ദേശിച്ച ബോംബായിരുന്നു അത്. യുഡിഎഫുകാര്‍ അടക്കം പറഞ്ഞിരുന്ന ‘ബോംബ്’ ഇതായിരുന്നു. മൈനോരിറ്റി കോര്‍പ്പറേഷന്റെ വക്കീലായ കാളീശ്വരം രാജ് തന്റെ വാദം കേള്‍ക്കാന്‍ അവസരം വേണമെന്നും സുപ്രീം കോടതിയില്‍ കേസുള്ളതിനാല്‍ നിശ്ചയിച്ച ദിവസം വരാന്‍ കഴിയില്ലെന്നും ലോകായുക്തയെ രേഖാമൂലം അറിയിച്ചു. അതു കൊണ്ട് മാത്രം തട്ടിത്തിരിഞ്ഞ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അപ്പുറം കടന്നതാണ്. അല്ലായിരുന്നെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്ന് ദിവസം മുമ്ബ് വിധി വരുമായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവിനെപ്പോലും പ്രതികൂലമായി അത് ബാധിച്ചേനെ’-കെ ടി ജലീല്‍ പറയുന്നു.
‘അഭിഭാഷകന്‍ കാളീശ്വരം രാജാണ് തന്നെ വലിയ പഴി കേള്‍ക്കലില്‍ നിന്നും രക്ഷിച്ചത്. ‘ദൈവത്തിന്റെ കൈ സഹായിച്ചു ‘എന്ന് അര്‍ജന്റീനക്ക് ലോക കപ്പ് നേടിക്കൊടുത്ത ഗോളിനെക്കുറിച്ച് മറഡോണ പറഞ്ഞത് പോലെ കാളീശ്വരം രാജിന്റെ സുപ്രീം കോടതിയിലെ കേസുകള്‍ ദൈവ ഹസ്തമായി എന്റെ കാര്യത്തില്‍ മാറുകയാണ് ചെയ്തത്. അല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റിയ ഒരു സര്‍ക്കാരിന്റെ രണ്ടാമൂഴം തകര്‍ത്ത ‘മഹാപാപി’യെന്ന് ഞാന്‍ മുദ്രകുത്തപ്പെടുമായിരുന്നു. അങ്ങിനെ സംഭവിച്ചിരുന്നെങ്കില്‍ ഹൃദയം തകര്‍ന്ന് ഞാന്‍ മരിക്കുമായിരുന്നു. കാരണം പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവ് അത്രമാത്രം ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു’- കെ ടി ജലീല്‍ വ്യക്തമാക്കി.