മുംബൈ: പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ഭാരതി എയര്‍ടെല്ലും വോഡഫോണ്‍ ഇന്ത്യയും ഉള്‍പ്പെടെ 11 അപേക്ഷകര്‍ക്ക് പേമെന്‍റ് ബാങ്കുകള്‍ തുടങ്ങാന്‍ റിസര്‍വ് ബാങ്ക് തത്ത്വത്തില്‍ അനുമതി നല്‍കി. എയര്‍ടെല്‍ എം കോമേഴ്സ്, വോഡഫോണ്‍ എം പൈസ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ല നുവോ-ഐഡിയ സെല്ലുലാര്‍ സംയുക്ത സംരംഭം, തപാല്‍ വകുപ്പ്, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷന്‍, ഫിനോ പേടെക്ക്, നാഷനല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ്, ടെക് മഹീന്ദ്ര എന്നീ കമ്പനികള്‍ക്കും സണ്‍ ഫാര്‍മയുടെ ദിലിപ് ശാന്തിലാല്‍ സാങ്വി, പേടിഎമ്മിന്‍െറ വിജയ്ശേഖര്‍ ശര്‍മ എന്നീ വ്യക്തികള്‍ക്കുമാണ് തത്ത്വത്തില്‍ ലൈസന്‍സിന് അനുമതി നല്‍കിയതെന്ന് റിസര്‍വ് ബാങ്ക് ബുധനാഴ്ച വ്യക്തമാക്കി. 18 മാസത്തേക്കാണ് തത്ത്വത്തിലുള്ള അനുമതി. ഇതിനകം റിസര്‍വ് ബാങ്കിന്‍െറ എല്ലാ ഉപാധികളും നടപ്പാക്കിയാല്‍ മാത്രമേ ലൈസന്‍സ് നല്‍കൂ.
മൊത്തം 41 അപേക്ഷകരാണ് പേമെന്‍റ് ബാങ്ക് ലൈസന്‍സിനുണ്ടായിരുന്നത്. ഇതില്‍ ചിലര്‍ക്ക് ആദ്യ റൗണ്ടില്‍ പരിഗണിക്കാനുള്ള യോഗ്യതകള്‍ ഉണ്ടായിരുന്നില്ല. സാമ്പത്തിക ഉള്‍ക്കൊള്ളല്‍ വ്യാപിപ്പിക്കുക എന്ന കേന്ദ്ര സര്‍ക്കാറിന്‍െറ ലക്ഷ്യത്തിന് സഹായകരമായ വിധത്തില്‍ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് റിസര്‍വ് ബാങ്ക് പുതുതായി പേമെന്‍റ് ബാങ്കുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
ലക്ഷം രൂപ വരെ കറന്‍റ്, സേവിങ് ബാങ്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കാനും പണമടവുകള്‍ നടത്താനും കഴിയുന്ന ഇവക്ക് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാനും ഇന്‍റര്‍നെറ്റ് ബാങ്കിങ് സൗകര്യം പ്രദാനംചെയ്യാനും അനുമതിയുണ്ട്. എന്നാല്‍, വായ്പകള്‍ അനുവദിക്കാനും ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാനും അനുമതിയില്ല.