കായലും തോടും പുഴയും കാടും മേടും പോലെ കേരളത്തിന്റെ പ്രകൃതിയുടെ ഭാഗമാണ് മലയാളിക്ക് ചങ്ങമ്പുഴക്കവിത.കളിത്തോഴി എന്ന നോവലുള്‍പ്പെടെ അന്‍പത്തിയേഴ് കൃതികളാണ് അദ്ദേഹം സാഹിത്യലോകത്തിന് സമ്മാനിച്ചത്. മലയാളത്തിന്റെ പ്രിയകവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിപ്രായത്തില്‍ കേരള സംസ്‌കാരത്തെ ആധുനികവും ജനാധിപത്യപരവും ആക്കിയ പ്രകൃതിക്ഷോഭം കൂടിയാണ് ചങ്ങമ്പുഴക്കവിത.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഹൃദയത്തെ സ്പര്‍ശിച്ച ഏതാനും ചങ്ങമ്പുഴക്കവിതകള്‍ കോര്‍ത്തിണക്കി സമാഹരിച്ചിരിക്കുകയാണ് മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ എന്ന പുസ്തകത്തിലൂടെ. ആത്മസുഹൃത്തായ ഇടപ്പള്ളിയുടെ വിയോഗത്തില്‍ മനംനൊന്ത് എഴുതിയ രമണന്‍ എന്ന ഭാവകാവ്യവും മനസ്വനിയും കാവ്യനര്‍ത്തകിയും ഉള്‍പ്പെടെ ഇന്നും മലയാളികളോര്‍ത്തിരിക്കുന്ന 20 അനശ്വരഗീതങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
ആ പൂമാല, ആത്മരഹസ്യം, ഹേമന്തചന്ദ്രിക, സ്പന്ദിക്കുന്ന അസ്ഥിമാടം, കാവ്യനര്‍ത്തകി, മനസ്വനി, പച്ച തുടങ്ങി കാലത്തില്‍നിന്നും കാലത്തിലേക്കു സഞ്ചരിക്കുന്ന കാവാനുഭവങ്ങളുടെ നിലക്കാത്ത സിംഫണിയാണ് മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ എന്ന പുസ്തകം. പ്രണയവും വിരഹവും നിരാശയും പ്രകൃതി സ്‌നേഹവും ദു;ഖവും എല്ലാം ഇതിലെ കവിതകളില്‍ പ്രതിഫലിക്കുന്നു.
1990ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്‌കൃതി അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരിലുള്ള ഒരു അവാര്‍ഡും സ്വീകരിക്കയില്ലെന്നും പ്രഖ്യാപിച്ച ചുള്ളിക്കാട് ചങ്ങമ്പുഴയെ അപരാധിയായ ദേവന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു പഠനത്തിന്റെയും സഹായമില്ലാതെ ജനലക്ഷങ്ങള്‍ ആസ്വദിച്ചുപോരുന്ന ഈ കാവ്യങ്ങളെ താന്‍ വിശദീകരിക്കേണ്ട കാര്യമില്ലെന്ന ആമുഖത്തോടെയാണ് തിരഞ്ഞെടുപ്പ്.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. ചിദംബര സ്മരണകള്‍, പതിനെട്ടു കവിതകള്‍, ഡ്രാക്കുള, അമാവാസി, മാനസാന്തരം, പ്രതിനായകന്‍, ഗസല്‍ തുടങ്ങിയവയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മറ്റു പ്രധാന കൃതികള്‍.