തിരുവനന്തപുരം: സര്‍ക്കാര്‍ ഭൂമി കയ്യേറി കെട്ടിടം നിര്‍മിച്ച ബിജുരമേശിനെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ ഭയക്കുന്നു. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ കിഴക്കേക്കോട്ടയിലെ രാജധാനി ബില്‍ഡിങ്‌സ് തെക്കനംകര കനാല്‍ കൈയേറിയിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതോടെ കെട്ടിടം പൊളിക്കുമെന്ന നിലപാടിലായി സര്‍ക്കാര്‍ പക്ഷെ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ദേശിയപാതക്കരികില്‍ ജിവിക്കാന്‍വേണ്ടി തട്ടുകട നടത്തുവരെ സ്ഥലം കയ്യേറിയതിന്റെ പേരില്‍ ശിക്ഷവിധിക്കുന്ന സര്‍ക്കാര്‍ സര്‍ക്കാര്‍ സ്ഥലം കയ്യേറിയ കോടിശ്വരന് മുന്നില്‍ മൗനം പാലിക്കുകയാണ്. നിയമപ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിച്ച് ബിജുരമേശിന് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കുന്നത്. രാജധാനി ബില്‍ഡിങ് നിര്‍മ്മിക്കാന്‍ കനാല്‍ അടച്ചതോടെയാണ് നഗരത്തിലെ വെള്ളക്കെട്ട് വര്‍ധിച്ചതും.
റവന്യൂ ഉദ്യോഗസ്ഥരും കെട്ടിടമുടമയുടെ പ്രതിനിധികളും ചേര്‍ന്നാണ് തിങ്കളാഴ്ചയും സംയുക്തപരിശോധന നടന്നു.തുടര്‍ന്ന് കെട്ടിടമുടമയുടെ വിശദീകരണം ആരായുകയും ചെയ്തു.
കെട്ടിടം പൊളിച്ചുമാറ്റണമോയെന്ന കാര്യത്തില്‍ വിധി അറിയാന്‍ ഇനിയും ഒരു ഹിയറിങ് കൂടി കെട്ടിടമുടമയ്ക്ക് നല്‍കുന്നുണ്ട്. കെട്ടിടം പൊളിക്കാനുള്ള ജില്ലാഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് ബിജു രമേശ് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സംയുക്തപരിശോധന നടന്നത്.
കെട്ടിടവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയില്‍ തന്റെ പക്ഷം കേള്‍ക്കണമെന്നും കെട്ടിടത്തില്‍ റവന്യൂ സംഘം നടത്തുന്ന പരിശോധനയില്‍ തന്നെക്കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കോടതി സംയുക്ത പരിശോധനയ്ക്കു നിര്‍ദേശം നല്‍കിയത്.
എ.ഡി.എം. വി.ആര്‍.വിനോദ്, സബ് കളക്ടര്‍ കാര്‍ത്തികേയന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് കെട്ടിടം പരിശോധിച്ചത്. ഇതിനുശേഷം എ.ഡി.എമ്മിന്റെ നേതൃത്വത്തില്‍ ബിജു രമേശിന്റെ വാദം കേട്ടു. ഇതിന് പുറമേ ഒരു ഹിയറിങ് കൂടി നടത്താനാണ് തീരുമാനം.
തെക്കനംകര കനാല്‍ കൈയേറി നിര്‍മിച്ചതാണെന്നു ഓപ്പറേഷന്‍ അനന്ത ടീം കണ്ടെത്തിയിരുന്നു. ഇതോടെയാണ് രാജധാനി ബില്‍ഡിങ്‌സ് പൊളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നടപടിക്രമങ്ങളിലെ വീഴ്ച കാരണം കെട്ടിടമുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആദ്യം നല്‍കിയ നോട്ടീസ് പാകപ്പിഴകള്‍ നിറഞ്ഞതായതിനാല്‍ ചീഫ് സെക്രട്ടറി തന്നെ ഇടപെട്ട് ഇത് പിന്‍വലിച്ചു. തുടര്‍ന്നാണ് വിശദമായ രേഖകള്‍ സ്‌കെച്ചിന്റെ സഹായത്തോടെ നോട്ടീസിനൊപ്പം നല്‍കിയത്. വിശദീകരണം എഴുതിനല്‍കാന്‍ പത്ത് ദിവസവും ഇത് കൂടാതെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ മൂന്ന് ദിവസം കൂടി നല്‍കിയിരുന്നു. ഈ സമയപരിധി നിലനില്‍ക്കെയാണ് ജില്ലാ കളക്ടര്‍ വീണ്ടും നോട്ടീസ് നല്‍കുന്നത്. ഇതോടെയാണ് നടപടി നിയമക്കുരുക്കിലേക്ക് നീങ്ങിയത്.
ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ കൃത്യതയും സുതാര്യതയുമില്ലെന്നായിരുന്നു ബിജു രമേശിന്റെ വാദം. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നല്‍കിയ നോട്ടീസിന്റെ പശ്ചാത്തലത്തില്‍ ബിജു രമേശിന്റെ വാദം മൂന്നുതവണ ജില്ലാഭരണകൂടം കേട്ടുകഴിഞ്ഞു.