തിരുവനന്തപുരം: യുകെയിലെ മലയാളികളില്‍ നിന്ന് കോടികള്‍ വെട്ടിച്ച തട്ടിപ്പ് കമ്പനിക്ക് കൂട്ട് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സക്‌റിയയെന്ന് പരാതി. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാഞ്ചിനാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചിരിക്കുന്നത്. പാലായിലും യുകെയിലുമായി ഓഫിസുളള ബീ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തെ കുറിച്ച് ഷാജന്‍ സ്‌കറിയ ഏഡിറ്ററായ ബ്രിട്ടീഷ് മലയാളി എന്ന വാര്‍ത്താ സൈറ്റില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാണ് ബി ഇന്റര്‍ നാഷണലിന് തട്ടിപ്പിന് വഴിയൊരുക്കിയിരിക്കുന്നതെന്നാണ് പരാതിയില്‍ സൂചിപ്പിച്ചിരിക്കുന്നത്. തട്ടിപ്പ് കമ്പനിയെ കുറിച്ച് വ്യാപകമായ പ്രചാരണം ബ്രീട്ടീഷ് മലയാളി നടത്തിയിരുന്നു. ഷാജന്‍ സ്‌കറിയ ബ്രിട്ടനില്‍ നടത്തിയ സൗന്ദര്യമത്സരത്തിന്റെയും മുഖ്യ സ്‌പോണ്‍സര്‍ ഈ കമ്പനിയായിരുന്നു. ബ്രിട്ടനിലെ വാര്‍ത്താ സൈറ്റില്‍ പരസ്യം നല്‍കുന്നതിന് പകരമായി പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വഴിയാണ് ബീ ഇന്റര്‍ നാഷണല്‍ ഇരകളെ കണ്ടെത്തിയത്. ബ്രിട്ടന്‍ മലയാളികള്‍ക്ക് പുതിയ സ്വര്‍ഗം സമ്മാനിക്കാനാണ് ഈ കമ്പനി ശ്രമിക്കുന്നതെന്നായിരുന്നു വാര്‍ത്തയിലൂടെ നുണ പ്രചരണം നടത്തിയത്. ഈ കമ്പനിയുടെ ഫോണ്‍ നമ്പറും നല്‍കി നിരവധി പേരെ തട്ടിപ്പില്‍ പങ്കാളികളാക്കി. നിരന്തരമായി തട്ടിപ്പ് കമ്പനിയുടെ പരസ്യങ്ങളും വ്യാജ വാഗ്ദാനങ്ങളും വാര്‍ത്ത രൂപത്തില്‍ നല്‍കിയാണ് ഷാജന്‍ സ്‌കറിയ ബ്രിട്ടനിലെ മലയാളി നഴ്‌സുമാരെ വഞ്ചിച്ചത്. ബീ ഇന്റര്‍നാഷണലിനെതിരെ പരാതി വ്യാപകമായപ്പോള്‍ ഷാജന്‍ സ്‌കറിയ സൈറ്റില്‍ നിന്ന് പരസ്യം പിന്‍വലിച്ചു. തട്ടിപ്പ് മനസിലാക്കിയത് കൊണ്ടാണ് പരസ്യം പിന്‍വലിക്കുന്നതെന്നായിരുന്നു ഷാജന്റെ അവകാശവാദം. എന്നാല്‍ വ്യാജവാര്‍ത്തകള്‍ കമ്പനിക്കനുകൂലമായി നല്‍കിയതിനെ കുറിച്ച് ഷാജന്‍ സ്‌കറിയ മൗനം പാലിച്ചു. ബ്രിട്ടനിലെ മലയാളി പെണ്‍കുട്ടികള്‍ക്ക് സിനിമാ അവസരം നല്‍കുമെന്ന് വാഗ്ാദനം നല്‍കി വര്‍ഷം തോറും നടത്തുന്ന സൗന്ദര്യമത്സരത്തിന്റെ മുഖ്യ പങ്കാളിയും സംഘാടകനുമായിരുന്നു ഈ തട്ടിപ്പ് കമ്പനിയുടെ ഉടമ. അദ്ദേഹമാണ് മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതും. തട്ടിപ്പ് കമ്പനിയെ ബ്രിട്ടന്‍ മലയാളികള്‍ക്കിടയില്‍ ബോധപൂര്‍വ്വം വിശ്വാസ്യത വരുത്താന്‍ എല്ലാവിധ സഹായവും ചെയ്തത് ഷാജന്‍ സ്‌കറിയയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ബീ ഇന്റര്‍ നാഷണലിനെതിരെ പോലീസ് അന്വേഷണം തുടങ്ങിയതോടെ മറുനാടന്‍ മലയാളി തട്ടിപ്പില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന തരത്തില്‍ രംഗത്തെത്തിയട്ടുണ്ട്. ഇതിനെതിരെ നിരവധി പേരാണ് ഫേയ്‌സ് ബുക്കിലൂടെ ഷാജനെതിരെ പ്രതികരിച്ചത്. ഷാജന്‍സ്‌കറിയയുടെ വാര്‍ത്തയില്‍ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് നിരവധി പേര്‍ ഇതില്‍ വ്യക്തമാക്കുന്നു. മാറുനാടന്‍ മലയാളി എഡിറ്റര്‍ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ കമന്റുകളും നീക്കം ചെയ്തു. നേരത്തെ ബ്രിട്ടനില്‍ റിക്രൂട്ടിങ് ഏജന്‍സി നടത്തിയിരുന്ന ഷാജന്‍ സ്‌കറിയക്ക് ഈ തട്ടിപ്പ് കമ്പനിയുമായുള്ള ബന്ധം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് സൂചന.