ഭര്‍ത്താവിനെ തുമ്പികൈയ്യില്‍ വരിഞ്ഞ് എടുത്ത് നിലത്തടിക്കാന്‍ നില്‍ക്കുന്ന ആനയെ വടിയെടുത്ത് അടിച്ചു; ഒടുവില്‍ സംഭവിച്ചത്

ഭര്‍ത്താവ് സുരേഷ് ബാബുവിന്റെ നിലവിളി കേട്ടാണ് ഭാര്യ രജനി ഓടിയെത്തിയത്. കണ്ട കാഴ്ചയോ മനസ് മരവിപ്പിക്കുന്നതും. സുരേഷിനെ തുമ്പികൈയ്യില്‍ വരിഞ്ഞ് എടുത്ത് നിലത്തടിക്കാന്‍ നില്‍ക്കുന്ന ആനയെയാണ് രജനി കണ്ടത്. ഉടനെ തന്നെ യുവതി ധൈര്യം സംഭരിച്ച് ആനയെ ഒരു മുഴുത്ത വടിയെടുത്ത് തല്ലി. അടികൊണ്ടതോടെ സുരേഷിനെ നിലത്തിട്ട് ആന പിന്‍വാങ്ങി. ആന സുരേഷിനെ നിലത്തിട്ട് പിന്‍വാങ്ങിയതിനു പിന്നാലെ രജനി ഓടിച്ചെന്ന് ഭര്‍ത്താവിനെ വലിച്ചിഴച്ച് രക്ഷപ്പെടുത്തി. വലതുകാലിന്റെ തുടയെല്ല് പൊട്ടിയെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് സുരേഷും രജനിയും. പനയഞ്ചേരി വയലിറക്കത്തുവീട്ടില്‍ സുരേഷ്ബാബു (46) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. പനയഞ്ചേരി അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് ദേവസ്വം ബോര്‍ഡിന്റെ ആനയെ സുരേഷ്ബാബുവിന്റെ പറമ്പില്‍ തളച്ചശേഷം പാപ്പാന്‍ പോയി. ആനയ്ക്ക് കുടിക്കാന്‍ വെള്ളവുമായി പോയതായിരുന്നു സുരേഷ് ബാബു. വെള്ളം നിറച്ച പാത്രവുമായി ആനയുടെ അടുത്തെത്തിയപ്പോള്‍ പൊടുന്നനെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിക്കുകയായിരുന്നു. പനയഞ്ചേരി എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ് രജനി.

Top