
സിംഗപ്പൂര്‍:ക്രിസ്ത്യാനികള്‍ക്കും ജൂതന്‍മാര്‍ക്കുമെതിരെ വിദ്വേഷ പരാമര്‍ശം: ഇന്ത്യന്‍ ഇമാമിനെ സിംഗപ്പൂര്‍ നാടുകടത്തി. വിവിധ മതങ്ങള്‍ തമ്മില്‍ ശത്രുത പ്രോത്സാഹിപ്പിച്ചെന്ന കുറ്റത്തിനാണ് നാല്ല മുഹമ്മദ് അബ്ദുല്‍ ജമീലിനെ
നാടുകടത്തിയത്. കേസില്‍ 3000 യുഎസ് ഡോളര്‍ പിഴയും ഇയാള്‍ക്ക് ഒടുക്കേണ്ടിവന്നു.
വെള്ളിയാഴ്ച പ്രാര്‍ഥനകള്‍ക്കിടെ നടത്തിയ അറബിയിലെ പ്രസംഗത്തിലാണു വിദ്വേഷ പരാമര്‍ശം. ഇതിന്റെ വിഡിയോ ഫെബ്രുവരിയില്‍ വ്യാപകമായി ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു. അതേസമയം, നാല്ല പിഴയൊടുക്കിയെന്നും ഇയാളെ തിരികെയെത്തിക്കുമെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഏതു മതവിഭാഗത്തില്‍പ്പെട്ടയാളാണെങ്കിലും അത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ശിക്ഷിക്കപ്പെടണമെന്നും പ്രസ്താവനയില്‍ പറയുന്നു.
അതിനിടെ, സിംഗപ്പൂരില്‍ ക്രിസ്ത്യന്‍, സിഖ്, താവോയിസ്റ്റ്, ബുദ്ധിസ്റ്റ്, ഹിന്ദു പ്രതിനിധികള്‍ക്കു മുന്‍പാകെ വെള്ളിയാഴ്ച ഇമാം ഖേദം പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്ച മഗ്ഹെയ്ന്‍ അബോത്ത് സിനഗോഗിലെ റബി മൊദേര്‍ചായ് അബേര്‍ഗെലിനെക്കണ്ടും നാല്ല ഖേദം പ്രകടിപ്പിച്ചിരുന്നു