സ്നേഹനികേതൻ അഗതിമന്ദിരത്തിൽ കഴിയുന്ന സുഭദ്രാമ്മയുടെ അക്കൗണ്ടിലുള്ളത് ലക്ഷങ്ങളാണ്. എന്നാൽ ഇവർ മരുന്ന് വാങ്ങാൻ പോലും പണം ഇല്ലാതെ കഷ്ടപ്പെടുന്നു.സുഭദ്രാമ്മയുടെ പേരിൽ ലക്ഷങ്ങളുടെ നിക്ഷേപമാണ് ബാങ്കിലുള്ളത് എന്നാൽ ഇവർക്ക് ഇത് ഉപയോഗിക്കാൻ കഴിയില്ല.ആരോരുമില്ലാതെ മാനസികനില തെറ്റിയ സുഭദ്രാമ്മയെ രണ്ടുവർഷം മുമ്പ് ഇടിഞ്ഞുവീഴാറായ വീട്ടിൽ നിന്നും പൊലീസാണ് അഗതിമന്ദിരത്തിലേക്ക് മാറ്റിയത്.
അഗതിമന്ദിരത്തിലേക്ക് മാറ്റുന്ന സമയത്ത് പൊലീസ് ഇവരുടെ വീട്ടിൽനിന്ന് 4,29,000 രൂപയും സ്വർണാഭരണങ്ങളും 50,000 രൂപയോളം ബാങ്കിൽ നിക്ഷേപിച്ച പാസ്ബുക്കും കണ്ടെത്തിയിരുന്നു. ഈ പണം മുഴുവൻ ഇവരുടെ പേരിൽ ഉരുവച്ചാലിലെ ഗ്രാമീണബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്.അദ്ധ്യാപകനായിരുന്ന, സുഭദ്രാമ്മയുടെ മരിച്ചുപോയ അച്ഛന്റെ പെൻഷൻ അവകാശതുക മാസംതോറും സുഭദ്രാമ്മയുടെ പേരിൽ ബാങ്കിലെത്തന്നുണ്ട്. ഇതും സുഭദ്രാമ്മയ്ക്ക് ലഭിക്കുന്നില്ല. ഇത്രയും തുകയുടെ സ്ഥിരനിക്ഷേപമുണ്ടായിരിക്കെയാണ് മരുന്നിനുപോലും പണമില്ലാതെ ഇവർ അഗതിമന്ദിരത്തിൽ കഴിയുന്നത്.
ആറുമാസംമുൻപുവരെ പെൻഷൻതുക കൃത്യമായി അഗതിമന്ദിരത്തിലെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ അത് ലഭിക്കുന്നില്ല. ഇവർ താത്പര്യപ്പെട്ടതനുസരിച്ചാണ് പെൻഷൻ തുക അനുവദിച്ചുകിട്ടാൻ സ്നേഹനികേതനിലെ മദർ സുപ്പീരിയർ സിസ്റ്റർ എൽസിനയും സാമൂഹികപ്രവർത്തകൻ എൻ.പ്രകാശനും ചേർന്ന് കളക്ടർക്ക് നിവേദനം നൽകിയത്. ജനമൈത്രിപൊലീസും കോടതിയും ഇടപെട്ട കാര്യത്തിൽ പണം ലഭ്യമാക്കേണ്ടത് ജില്ലാ ഭരണകൂടവും അധികൃതരുമാണെന്നതിനാലാണ് കളക്ടർക്ക് നിവേദനം നൽകിയത്.
മാനസികാരോഗ്യം വീണ്ടെടുക്കപ്പെട്ട സുഭദ്രാമ്മയ്ക്ക് ഇപ്പോൾ നാടിനെകുറിച്ചും നാട്ടുകാരെ കുറിച്ചും വ്യക്തമായ ബോധമുണ്ട്. തന്റെ ദുരിത ജീവിതത്തിന് അറുതിവരുത്തുന്ന ഒരു തീരുമാനം ജില്ലാഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുഭദ്രമ്മയിപ്പോൾ