റിയാദ്: നിരവധി മലയാളി നഴ്‌സുമാരുടെ ആശങ്ക വര്‍ധിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. വിദേശികളായ ബിരുദധാരികളായ നഴ്‌സുമാരുടെ കരാര്‍ മാത്രം പുതുക്കിയാല്‍ മതിയെന്ന് സൗദി സര്‍ക്കാരിന്റെ തീരുമാനമാണ് മലയാളി നഴ്‌സുമാര്‍ക്ക്
തിരിച്ചടിയാകുന്നത്. രണ്ടു മാസത്തില്‍ താഴെ കരാര്‍ കാലാവധി ശേഷിക്കുന്ന ജനറല്‍ നഴ്‌സുമാരെ ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. മലയാളികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് നഴ്ുസുമാര്‍ത്ത ഇതേ തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കേണ്ടിവരും.
രണ്ടു വര്‍ഷത്തിനു മേല്‍ പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി. നഴ്‌സുമാരെ മാത്രമാണ് പല രാജ്യങ്ങളും പുതുതായി ജോലിക്കെടുക്കുന്നത്. അടുത്തിടെ സൗദി, കുവൈത്ത്, ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയങ്ങള്‍ നടത്തിയ അഭിമുഖങ്ങളില്‍ ഇവരെ മാത്രമാണു പരിഗണിച്ചത്.ക്ലിനിക്കുകളും സ്വകാര്യ ആശുപത്രികളും മാത്രമാണ് നിലവില്‍ ജനറല്‍ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്. ഇതും വൈകാതെ നിലയ്ക്കുമെന്ന് റിക്രൂട്ട്‌മെന്റ് ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇമൈഗ്രേഷന്‍ പദ്ധതി വഴി വരുന്ന പുതിയ അന്വേഷണങ്ങളിലും ബി.എസ്‌സി. നഴ്‌സുമാരെ മാത്രമാണ് ആവശ്യപ്പെടുന്നത്.
ദക്ഷിണാഫ്രിക്ക, ഫിലിപ്പീന്‍സ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ കുറഞ്ഞ ശമ്പളത്തിനു ജോലി ചെയ്യാന്‍ തയാറായി എത്തിയതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള ജനറല്‍ നഴ്‌സുമാര്‍ക്കു പ്രിയം കുറഞ്ഞത്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ നഴ്‌സുമാര്‍ അടക്കമുള്ള വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ്. നിതാഖാത് നടപ്പാക്കിയതിനു പുറമേ, വിദേശികളെ ആറു വര്‍ഷത്തിലധികം ജോലി ചെയ്യാന്‍ അനുവദിക്കേണ്ടെന്ന ശിപാര്‍ശ കൂടി പരിഗണിക്കുന്ന സൗദി ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്.
സ്വദേശികളായ നഴ്‌സുമാര്‍ക്കു തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി വിദേശ നഴ്‌സുമാരെ ഒഴിവാക്കുന്നത്. നഗരപ്രദേശങ്ങളില്‍ നിന്ന് ഏറെ അകലെയുള്ള ഉള്‍ഗ്രാമങ്ങളിലും രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാനുള്ള സ്വദേശി നഴ്‌സുമാരുടെ താല്‍പര്യക്കുറവ് മാത്രമാകും വിദേശികള്‍ക്ക് അവസരത്തിനു സാഹചര്യമൊരുക്കുക.
വൈദ്യശാസ്ത്ര പഠനം ഉള്‍പ്പെടെ ആരോഗ്യരംഗത്തെ ജോലികള്‍ക്ക് സ്വദേശികളെ സജ്ജമാക്കുന്ന പദ്ധതിക്ക് ഗള്‍ഫിലെ വിവിധ ആരോഗ്യ മന്ത്രാലയങ്ങള്‍ ധാരണയിലെത്തി. 20000 പേരെ ആരോഗ്യ മേഖലയിലെ ഉന്നത പഠനത്തിനായി വിദേശത്തേക്കയയ്ക്കാന്‍ സൗദി അറേബ്യ നടപടി തുടങ്ങി. ഡോക്ടര്‍മാര്‍ക്കു പുറമേ നഴ്‌സുമാര്‍ അടക്കമുള്ള പാരാമെഡിക്കല്‍ ജീവനക്കാരെയും ടെക്‌നീഷ്യന്‍മാരെയും തെരഞ്ഞെടുത്ത് വിദേശത്തു വിദഗ്ധ പരിശീലനം നല്‍കുന്നതാണു പദ്ധതി. പരിശീലനത്തിന് സ്‌കോളര്‍ഷിപ്പും അനുവദിച്ചിട്ടുണ്ട്. യു.എ.ഇയിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 70 ശതമാനവും വിദേശികളാണെന്നാണ് ഔദ്യോഗിക കണക്ക്. ഇവരുടെ പഠനം കൂടി പൂര്‍ത്തിയാകുന്നതോട ആരോഗ്യമേഖലയില്‍ ഭാഗിമായി സ്വദേശിവല്‍ക്കരണം നടപ്പാക്കും. ഇത് മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ പിന്തുടര്‍ന്നാല്‍ മലയാളി നഴ്‌സുമാര്‍ക്ക് കനത്ത തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക.