മഹീന മുതല്‍ ഹുദ്ഹുദ് വരെ; കൊടുങ്കാറ്റുകള്‍ക്കുമുണ്ട് പേരുകള്‍

 

കോഴിക്കോട്: മനുഷ്യന്‍ കടല്‍സഞ്ചാരം തുടങ്ങിയ കാലംമുതല്‍ സുഹൃത്തായും വില്ലനായും കൂടെ കൂടിയതാണ് കാറ്റുകള്‍. ദിശ നിര്‍ണയിക്കുന്ന കടല്‍ക്കാറ്റ് മുതല്‍ ചുഴിയില്‍പ്പെടുത്തി ജീവനെടുക്കുന്ന കൊടുങ്കാറ്റുവരെ. ഇത്തരം കാറ്റുകള്‍ക്കു പേരുകള്‍ നിശ്ചയിക്കുന്ന രീതിയും മുമ്പേ പതിവുണ്ട്.

19ാം നൂറ്റാണ്ടില്‍ വ്യക്തികളുടെ പേര് കാറ്റുകള്‍ക്കു നിശ്ചയിച്ച് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഇംഗ്ലണ്ടുകാരന്‍ ക്ലെമന്റ് ലിന്റ്‌ലി വ്രാഗ് ഇതിനു തുടക്കം കുറിച്ചു. 1899ലായിരുന്നു അഞ്ച് ചുഴലിക്കാറ്റുകള്‍ക്ക് സൈക്ലോണ്‍ മഹീന എന്ന പേര് ഇദ്ദേഹം നിര്‍ദേശിച്ചത്. വാര്‍ത്താവിനിമയരംഗത്തെ പുരോഗതി ചുഴലികളുടെ വരവും പാതയും വേഗവുമെല്ലാം മുന്‍കൂട്ടി പ്രവചിക്കാന്‍ തുടങ്ങിയതോടെ ചുഴലിക്കാറ്റുകള്‍ക്കു പേരിടുന്നതില്‍ രാജ്യങ്ങള്‍ മല്‍സരിച്ചു. കപ്പല്‍ സ്ത്രീലിംഗമായതിനാല്‍ കാറ്റുകള്‍ക്കു പേരിട്ടപ്പോഴും സ്ത്രീനാമങ്ങള്‍ക്കായിരുന്നു പ്രചാരണം. 1964ല്‍ ഔട്രി ചുഴലിക്കാറ്റ്, 1966ല്‍ ഷെര്‍ളി ചുഴലിക്കാറ്റ്, 1969-70 കാലഘട്ടത്തില്‍ വീശിയ അലീനി, ബ്ലാന്‍ചി, ജൂഡി, എമ്മ, സിന്‍ഡി, കാത്തി, ഹെലന്‍, ഇസ, ലുലു, ഡോളി, ഫ്‌ളോറന്‍സ്, കത്രീന എന്നിവ ഇത്തരത്തില്‍ പേരു നല്‍കിയവയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, 1978ല്‍ സ്ത്രീസംഘടനകള്‍ ചുഴലികള്‍ക്കു സ്ത്രീനാമങ്ങള്‍ നല്‍കുന്നതിനെതിരേ രംഗത്തെത്തി. നാശങ്ങളും മരണങ്ങളുമേറെ വിതയ്ക്കുന്ന കാറ്റുകള്‍ക്ക് സ്ത്രീകളുടെ മാത്രം പേരു നല്‍കുന്നത് അപമാനിക്കുന്നതിനു തുല്യമാണെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി.

1979ല്‍ ലോക കാലാവസ്ഥാ സംഘടനയാണ് ഈ രീതിക്കു മാറ്റംവരുത്തിയത്. ആണ്‍-പെണ്‍ പേരുകള്‍ ഇടകലര്‍ത്തി ഉപയോഗിച്ചു തുടങ്ങി. പിന്നീട് ഈ സംഘടനയ്ക്കു കീഴില്‍ മേഖലാധിഷ്ഠിത പേരിടല്‍ സമിതികള്‍ രൂപംകൊണ്ടു.

പേരിടല്‍ സമിതിയുടെ നിയമമനുസരിച്ച് ഉദ്ഭവസ്ഥാനത്തുനിന്ന് മാറി ചുഴലിക്കാറ്റ് ബാധിക്കുന്നത് ഏതു ഭൂമേഖലയാണോ അവര്‍ക്കാണ് കാറ്റിനു പേരു നിശ്ചയിക്കാന്‍ അധികാരം. ടൈഫൂണ്‍ കമ്മിറ്റി, ഹരികെയ്ന്‍ കമ്മിറ്റി, പാനല്‍ ഓണ്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സ്, ട്രോപ്പിക്കല്‍ സൈക്ലോണ്‍ കമ്മിറ്റി എന്നിവയാണ് അവ. ചുഴലിക്കാറ്റുകള്‍ ഏറ്റവും നാശം വിതയ്ക്കുന്ന ഭൗമമേഖലയിലുള്ളവര്‍ക്കാണ് കമ്മിറ്റിയുടെ നിയമമനുസരിച്ച് പേരിടാന്‍ അധികാരം.

2000ത്തില്‍ ഒമാനില്‍ നടന്ന പാനല്‍ ഓണ്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍സിന്റെ 27ാം സമ്മേളനത്തില്‍ ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും ചുഴലിക്കാറ്റുകളുടെ പേരിടല്‍ സംബന്ധിച്ച് ഔദ്യോഗിക തീരുമാനമായി. ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാകിസ്താന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് എന്നിവയായിരുന്നു പാനലിലെ അംഗരാജ്യങ്ങള്‍. 2004 സപ്തംബര്‍ മുതലാണ് ഈ പട്ടിക അടിസ്ഥാനമാക്കി അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകള്‍ക്കു പേരിട്ടു തുടങ്ങിയത്.

പേരിടുന്നതിലും നിരവധി വിവാദങ്ങളാണ് കത്തിനിന്നത്. ഒരു പേരിട്ടതിന്റെ പേരില്‍ ശ്രീലങ്കയിലെ കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ക്ക് മാപ്പപേക്ഷിക്കേണ്ട സ്ഥിതിയുണ്ടായി. നാലാം നൂറ്റാണ്ടില്‍ ശ്രീലങ്ക ഭരിച്ച രാജാവായ മഹാസേനന്റെ പേര് ചുഴലിക്കാറ്റിനിട്ടതാണു കാരണം. 16 റിസര്‍വോയറുകള്‍ നിര്‍മിച്ച രാജാവിന്റെ പേര് വിനാശകാരിയായ കാറ്റിനിട്ടത് ശ്രീലങ്കയിലെ കര്‍ഷക-രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കി. 2001ല്‍ ഈ പേര് ലിസ്റ്റില്‍ നിന്നൊഴിവാക്കി വിയാരു എന്നാക്കി മാറ്റേണ്ടി വന്നു. ഇതേവര്‍ഷം കിഴക്കന്‍ പസഫിക്കില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിന് അഡോള്‍ഫ് ഹിറ്റലറുടെ പേര് നല്‍കിയതും വിവാദമായിരുന്നു. കാരണം, ഈ കൊടുങ്കാറ്റ് ആരുടെയും ജീവനോ സ്വത്തോ കവര്‍ന്നില്ല. വിവാദങ്ങളെ തുടര്‍ന്ന് ഈ കാറ്റിന്റെ പേരും വിരമിച്ചതായി സംഘടന പ്രഖ്യാപിച്ചു. 2008ല്‍ മ്യാന്‍മറില്‍ വീശിയ നര്‍ഗീസ് ചുഴലിക്കാറ്റ് ചില്ലറ നാശമല്ല വിതച്ചത്. നര്‍ഗീസിന്റെ പേരു കേള്‍ക്കുമ്പോള്‍ മ്യാന്‍മര്‍ വിറയ്ക്കും. കാരണം 1,38,000 പേരുടെ ജീവനാണ് നര്‍ഗീസ് കവര്‍ന്നത്. 10 ബില്യണ്‍ യു.എസ്. ഡോളറിന്റെ നാശനഷ്ടങ്ങളും വരുത്തി. 2007ലെ ‘സിദ്ര്‍’ആണ് ബംഗ്ലാദേശിനു പേരിടാന്‍ ലഭിച്ച ഏക ചുഴലിക്കാറ്റ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വീശിയ പൈലീന്‍ ചുഴലിക്കാറ്റിനു പേരു നല്‍കിയത് തായ്‌ലന്‍ഡാണ്. 14 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലിയ ചുഴലിക്കാറ്റായി കണക്കാക്കുന്ന പൈലീന്‍ 10 ദിവസമാണ് മ്യാന്‍മര്‍, ഇന്ത്യ, തായ്‌ലന്‍ഡ് തീരങ്ങളില്‍ താണ്ഡവമാടിയത്. ഇന്ന് ആന്ധ്രയിലും ഒഡീഷയിലും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന ഹുദ്ഹുദ് ചുഴലിക്ക് ആ പേരു നല്‍കിയത് ഒമാനാണ്.

ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അഭ്യര്‍ഥനപ്രകാരം എട്ടു രാജ്യങ്ങളില്‍ നിന്നായി ചുഴലിക്കാറ്റ് നിരീക്ഷകര്‍ നിര്‍ദേശിച്ച 64 പേരുകളില്‍ നിന്നാണ് ഹുദ്ഹുദ് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്തതവണ പേരിടാനുള്ള അവസരം പാകിസ്താനാണ്. നിലോഫര്‍ എന്ന പേരാണ് അവര്‍ കണ്ടുവച്ചിരിക്കുന്നത്. ഇന്ത്യ കണ്ടിരിക്കുന്ന പേര് മേഘ്, സാഗര്‍, വായു എന്നിവയാണ്.

Top