സ്പോട്സ് ലേഖകൻ
ഇത്തവണത്തെ മികച്ച പുരുഷവനിതാ താരങ്ങൾക്കുള്ള ലോറസ് പുരസ്കാരത്തിന് പ്രശസ്ത ടെന്നീസ് താരങ്ങളായ നൊവാക് ദ്യോക്കോവിച്ചും സെറീന വില്യംസും അർഹരായി. കഴിഞ്ഞ വർഷം ടെന്നീസ് കോർട്ടിൽ നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇരുവരേയും പുരസ്കാരത്തിന് അർഹരാക്കിയത്. ഇത് മൂന്നാം തവണയാണ് സെറീന മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്.
കഴിഞ്ഞ ദിവസം 500 കരിയർ ഗോളുകൾ എന്ന നേട്ടം സ്വന്തമാക്കിയ ലെയണൽ മെസ്സി മികച്ച ടീം അത്ലറ്റിനുള്ള പുരസ്കാരം നേടി. ന്യൂസിലൻഡിന്റെ ലോകകപ്പ് ജേതാക്കളായ റഗ്ബി ടീം മികച്ച ടീമായും ബ്രസീലിന്റെ പാരാലിമ്പിക്സ് നീന്തൽത്താരം ഡാനിയേൽ ഡിയസ് മികച്ച ഭിന്നശേഷി കായികതാരമായും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ എഫ് വൺ കിരീടം സ്വന്തമാക്കിയിട്ടുള്ള നിക്കി ലൗഡയെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു.
കഴിഞ്ഞ വർഷം നാല് ഗ്രാൻഡ് സ്ലാമുകളുടേയും ഫൈനലിലെത്തിയ 28 കാരനായ ദ്യോക്കോവിച്ച് മൂന്നെണ്ണത്തിൽ കിരീടം നേടി. മുപ്പത്തിനാലുകാരിയായ സെറീനയും മൂന്ന് കിരീടങ്ങൾ സ്വന്തമാക്കിയിരുന്നു. ഇരുവരും നിലവിൽ ലോക ഒന്നാം നമ്പർ താരങ്ങളാണ്.