മുംബൈ: മുംബൈയില്‍ ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. കേട്ടവര്‍ കേട്ടവര്‍ കടല്‍ തീരത്തേക്കു പാഞ്ഞു. … എന്തായിരുന്നു എന്നല്ലേ….മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ സ്മാരകത്തിനു സമീപത്തുള്ള കടല്‍ തീരത്ത് 1000 രൂപയുടെ നോട്ടുകള്‍ ഒഴുകുന്നുവെന്നായിരുന്നു മുംബൈയെ ഞെട്ടിച്ചത്. നോട്ടുകള്‍ ഒഴുകുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് നിരവധിയാളുകള്‍ നോട്ടുകള്‍ പെറുക്കാന്‍ കടലിലിറങ്ങി. എവിടെ നിന്നാണു പണം ഒഴുകിവന്നതെന്ന് വ്യക്തമല്ല. നോട്ടുകള്‍ കടലിലൊഴുകുന്ന വാര്‍ത്ത പരന്നതോടെ പൊലീസ് സംഘവും സ്ഥലത്തെത്തി.
സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് കടലിലൊളിപ്പിച്ച ഹവാലപ്പണം ആകാമിതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. റേഡിയോ ക്ലബിനെയും കടലിനെയും വേര്‍തിരിക്കുന്ന സംരക്ഷണ ഭിത്തിയിലാണ് നോട്ടുകള്‍ വന്നടിഞ്ഞിരുന്നത്.
പ്രാദേശിക മീന്‍പിടുത്തക്കാരും, നീന്തല്‍ക്കാരും വഴിവാണിഭക്കാരുമാണ് ഒഴുകിവന്ന നോട്ടുകള്‍ ആദ്യം കണ്ടത്. കൂടുതലും ആയിരം രൂപയുടെ നോട്ടുകളാണ്. കൊളാബയില്‍ നിന്നു കഫേ പരേഡില്‍ നിന്നും വരെ നോട്ടുപെറുക്കാന്‍ നിരവധിപ്പേരെത്തി. എന്തായാലും നോട്ടുകളുടെ ഉറവിടം തേടിയാണ് ഇപ്പോള്‍ നാട്ടുകാരും പോലീസും പരക്കം പായുന്നത്.