കായംകുളം: യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ആലപ്പുഴ കലവൂര്‍ പരുത്തിയില്‍ വീട്ടില്‍ ജെയ്‌സണ്‍ (26), എറണാകുളം പാറക്കടവ് പള്ളത്തുകാട്ടില്‍ ഹൗസില്‍ ജീസ് വര്‍ഗീസ് (22), കായംകുളം പത്തിയൂര്‍ പടിഞ്ഞാറ് സീനാസ് മന്‍സിലില്‍ ഹനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശി അനീഷ് ആന്റണിയെ തട്ടിക്കൊണ്ടു പോയി 50,000 രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലാണ് അറസ്റ്റ്.
പതിനാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജെയ്‌സണ്‍. തൃശൂര്‍ മാള സ്വദേശി അനീസില്‍ നിന്ന് ജെയ്‌സണ്‍ കാര്‍ വാടകയ്‌ക്കെടുത്തിരുന്നെങ്കിലും തിരികെ കൊടുത്തില്ല. അനീസ് വിളിച്ച് കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കായംകുളത്ത് വന്നാല്‍ കാര്‍ നല്‍കാമെന്നാണ് ജെയ്‌സണ്‍ പറഞ്ഞത്. തുടര്‍ന്ന് അനീസ് സഹോദരന്‍ ഹനീസും സുഹൃത്ത് അനീഷ് ആന്റണിയുമായി കായംകുളത്തെത്തി.
ദേശീയ പാതയില്‍ ഇടശേരി ജങ്ഷന് സമീപത്ത് വച്ച് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ ഇരുകൂട്ടരും തമ്മില്‍ വക്കു തര്‍ക്കമുണ്ടായി. ഇതിനിടെ അനീഷിനെ ജെയ്‌സണും സംഘവും തട്ടിക്കൊണ്ടുപോയി. അനീഷിനൊപ്പമുണ്ടായിരുന്നവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. ഇവര്‍ സ്‌റ്റേഷനില്‍ നില്‍ക്കുമ്പോള്‍ത്തന്നെ അനീസിന്റെ ഫോണിലേക്ക് അനീഷ് ആന്റണിയുടെ ഫോണില്‍ നിന്ന് വിളിവന്നു.
അനീഷിനെ വിടണമെങ്കില്‍ 50,000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഫോണ്‍. അന്വേഷണത്തില്‍ പ്രതികള്‍ കൃഷ്ണപുരത്തുണ്ടെന്ന് മനസിലാക്കിയ പോലീസ് അനീഷ് ആന്റണിയെ രക്ഷപ്പെടുത്തുകയും മൂന്നു പേരെ പിടികൂടുകയുമായിരുന്നു. സംഘത്തില്‍പ്പെട്ട പത്തിയൂര്‍ സ്വദേശി ഷൈജു മാടവന (ചിക്കു) ഉള്‍പ്പെടെ കൂടി പിടിയിലാകാനുണ്ട്.