പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച് നടപ്പാക്കിയ സ്വച്ഛ്ഭാരത് അഭിയാന്‍ പൂര്‍ണ്ണ പരാജയമെന്ന് സര്‍വേ റിപ്പോര്‍ട്ട്. 3 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ സര്‍വേയില്‍ 71 ശതമാനം പ്രദേശങ്ങളിലും സ്വച്ഛ്ഭാരത് പൂര്‍ണ്ണ പരാജയമെന്ന് വ്യക്തമാക്കി. കൃത്യമായ പദ്ധതിയിലാതെ പദ്ധതി ആവിഷ്‌കരിച്ചതാണ് മോഡിയുടെ സ്വപ്‌ന പദ്ധതി തരിപ്പണമാകാന്‍ കാരണമെന്നാണ് കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ശുചിത്വപദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ വ്യക്തമായ പദ്ധതികള്‍ ഇല്ലാതെ നടപ്പാക്കിയ സ്വച്ഛ്ഭാരത് പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു. ശുചീകരണത്തില്‍ ജനങ്ങളെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ തുടക്കത്തില്‍ മോഡി താല്‍പ്പര്യം കാണിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന് പദ്ധതിയില്‍ നിന്ന് ശ്രദ്ധ നഷ്‌ടമായി. പ്രാഥമിക ശുചീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും മോഡി സര്‍ക്കാര്‍ പരാജയമായി തീരുകയും ചെയ്‌തു.
ശൗചാലയങ്ങളും റോഡുകളും പഴയ അവസ്ഥയില്‍ തന്നെയാണെന്ന് സര്‍വേയില്‍ പറയുന്നുണ്ട്. ഖര, ദ്രവ മാലിന്യങ്ങളുടെ ശേഖരണം, മാലിന്യങ്ങളുടെ മാറ്റം, സംസ്‌കരണം എന്നീ കാര്യങ്ങളിലും സ്വച്ഛ്ഭാരത് പദ്ധതി പരാജയപ്പെട്ടു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മോഡിയുടെ സ്വപ്‌ന പദ്ധതി തന്നെ പരാജയപ്പെടുമ്പോള്‍ ബിജെപിക്കും വലിയ തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്.