ന്യൂഡല്‍ഹി:രാജ്യത്തെ ലക്ഷകണക്കിന് തൊഴിലാളികള്‍ക്ക് കൈത്താങ്ങായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തൊഴില്‍ ക്ഷേമനയം. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും അങ്കണ്‍വാടിആശാവര്‍ക്കര്‍മാരേയും കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യചികിത്സാ പദ്ധതിയായ ഇഎസ്‌ഐയുടെ പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനം. കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ അദ്ധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന 166ാമത് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.
അസംഘടിത മേഖലയിലെ തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തിയുള്ള ഇഎസ്‌ഐ പ്രത്യേക പാക്കേജ് തയാറാക്കുന്നതിനു സമിതി രൂപീകരിക്കുമെന്നു കേന്ദ്രമന്ത്രി യോഗത്തില്‍ അറിയിച്ചു. നിലവില്‍ ഇഎസ്‌ഐ പദ്ധതിയിലുള്ള അംഗങ്ങളില്‍ നിന്ന് ശമ്പളത്തിന്റെ 1.75 ശതമാനവും തൊഴിലുടമയില്‍ നിന്ന് 4.75 ശതമാനവുമടക്കം ആകെ ശമ്പളത്തിന്റെ 6.5% തുകയാണു വിഹിതമായി കോര്‍പറേഷനിലേക്ക് അടയ്ക്കുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികളുടെ വിഹിതമുള്‍പ്പെടെ സമിതി തീരുമാനിക്കും. ഇഎസ്‌ഐ പദ്ധതിയില്‍ രാജ്യത്താകെ രണ്ടു കോടി അംഗങ്ങളടക്കം എട്ടു കോടിയോളം ഗുണഭോക്താക്കളാണുള്ളത്. പദ്ധതി വിപുലീകരിക്കുന്നതോടെ അംഗങ്ങളുടെയും ഗുണഭോക്താക്കളുടെയും എണ്ണം ഇരട്ടിയിലധികമാകുമെന്നാണു കണക്ക്.
കേരളത്തില്‍ ഒരുലക്ഷം ഓട്ടോ ഡ്രൈവര്‍മാര്‍ക്കും പതിനായിരത്തിലേറെ അങ്കണ്‍വാടിആശാ വര്‍ക്കര്‍മാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. സൈറ്റ് കരാറുകാര്‍ക്ക് കീഴിലുള്ള സ്ഥിരം നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കാന്‍ തീരുമാനമായിട്ടുണ്ട്. ചികിത്സാ ചെലവ് വര്‍ദ്ധിച്ചു വരുന്ന ആധുനിക സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് വലിയ നേട്ടമാണ് പുതിയ തീരുമാനം. ചികിത്സാ സംവിധാനം, ചികിത്സയോടൊപ്പം വേതന നഷ്ടമൊഴിവാക്കുന്ന സഹായം എന്നിവ ലഭിക്കുന്ന എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതി കൂടുതല്‍ പേര്‍ക്ക് ഗുണകരമാക്കാന്‍ ഘടനാ പരിഷ്‌കാരവും ഇഎസ്‌ഐയില്‍ വരുത്താന്‍ തീരുമാനമായി.
നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇഎസ്‌ഐ പദ്ധതി സംസ്ഥാന സര്‍ക്കാരാണ് നടത്തുന്നത്. ഇതിലെ പോരായ്മകള്‍ പരിഹരിച്ച് ഒറ്റ മാനേജ്‌മെന്റിന് കീഴിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാനതല ഇഎസ്‌ഐ കോര്‍പ്പറേഷന്‍ രൂപീകരിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും ഇഎസ്‌ഐ ആശുപത്രികള്‍ തുറക്കും. നിലവില്‍ 336 ജില്ലകളില്‍ മാത്രമാണ് ഇഎസ്‌ഐ ഡിസ്‌പെന്‍സറികളുള്ളത്. എല്ലാ ഇഎസ്‌ഐ ഡിസ്‌പെന്‍സറികളും ആറു കിടക്കകളുള്ള ആശുപത്രികളാക്കി ഉയര്‍ത്തി 24മണിക്കൂറും പ്രവര്‍ത്തിക്കും. അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്റ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഇഎസ്‌ഐ ആശുപത്രികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാനതല ഇഎസ്‌ഐ കോര്‍പ്പറേഷനുകള്‍ രൂപീകരിക്കുമ്പോള്‍ അതില്‍ കേന്ദ്ര തൊഴില്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി, സംസ്ഥാനത്തുനിന്നുള്ള എംപിഎംഎല്‍എ പ്രതിനിധികള്‍, മൂന്ന് തൊഴിലാളി പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാകും. ഇഎസ്‌ഐ ബോര്‍ഡ് തീരുമാനങ്ങള്‍ നടപ്പില്‍വരുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ആഗസ്ത് 13ന് തൊഴില്‍മന്ത്രാലയം യോഗം വിളിച്ചിട്ടുണ്ട്. കേരളത്തില്‍ നിലവില്‍ 138 ഡിസ്‌പെന്‍സറികളാണ് ഉള്ളത്. ഇവയെ ആശുപത്രികളാക്കി ഉയര്‍ത്തുന്നതോടെ വമ്പിച്ച ആരോഗ്യ വിപ്ലവമായിരിക്കും സംസ്ഥാനത്തുണ്ടാകുക. ഡോക്ടര്‍മാര്‍ക്കും നഴ്‌സിങ് ബിരുദക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ വമ്പിച്ച തൊഴില്‍ സാധ്യതകളും പുതിയ തീരുമാനത്തിലൂടെ ഉണ്ടാകും.