ലണ്ടന്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് വന്‍ ആഘോഷമാക്കാന്‍ യുകെയിലെ ഇന്ത്യക്കാര്‍ തയ്യാറെടുക്കവേ മോഡിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്ലീം സംഘടനകളുടെ നീക്കം. മോഡിക്ക അമേരിക്കയില്‍ കിട്ടിയതിനേക്കാള്‍ വല്ലിയ സ്വീകരണമൊരുക്കാനാണ് ബ്രിട്ടനിലെ ഇന്ത്യക്കാന്‍ ശ്രമിക്കുന്നത്. ഒരു സംശയവും ഇല്ലാതെ യു കെ യുടെ മണ്ണില്‍ കാലു കുത്താമെന്നും ഈ സന്ദര്‍ശനം ചരിത്രത്തില്‍ ഇടം പിടിക്കും വിധം മോടിയാക്കുന്ന കാര്യം ഏറ്റുവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണും. ഇങ്ങനെ മൂന്നു മാസം അകലെ നില്‌ക്കെ തന്നെ മോദിയുടെ ബ്രിട്ടീഷ് സന്ദര്‍ശനം എല്ലാ അര്‍ത്ഥത്തിലും ശ്രദ്ധ നേടുകയാണ്. അമേരിക്കയില്‍ മാടിസന്‍ സ്‌ക്വയറില്‍ നല്കിയ പോലൊരു സ്വീകരണം വെംബ്ലി സ്‌റ്റേഡിയത്തില്‍ ഒരുക്കുവാനാണ് ഹിന്ദു സംഘടനകളുടെ ശ്രമം.
ചൈനീസ് പ്രസിഡന്റ് ജിന്‍പിങ് യു കെ സന്ദര്‍ശനം നടത്തി ഒരു മാസം പിന്നിടും മുന്‍പേ മോദിയും എത്തുന്നതിനാല്‍ സന്ദര്‍ശനത്തിന് ഇപ്പോള്‍ കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യവും കൈവരികയാണ് നവംബറില്‍ ദീപാവലി ആഘോഷങ്ങള്‍ സമാപിച്ചാല്‍ തൊട്ടു പിന്നാലെ മോദി യു കെ സന്ദര്‍ശനം നടത്തുമെന്ന പ്രതീക്ഷയില്‍ ബ്രിട്ടന്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി മുസ്ലിം വിഭാഗങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പ് ഇന്ത്യയുടെ മനസ് മാറ്റിയാലോ എന്ന ആശങ്കയിലാണ് ഡേവിഡ് കാമറോണ്‍ വീണ്ടും ഉറപ്പു നല്കുന്ന തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്. കഴിഞ്ഞ തവണ അധികാരം ഏറ്റത് മുതല്‍ ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഡേവിഡ് കാമറോണിനു ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരം കൂടിയാകും മോദിയുടെ ലണ്ടന്‍ സന്ദര്‍ശനം.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയില്‍ നിന്നും മറ്റൊരു പ്രധാനമന്ത്രി ബ്രിട്ടന്‍ സന്ദര്‍ശനം നടത്താത സാഹചര്യത്തില്‍ മോദിയുടെ വരവിന് ബ്രിട്ടന്‍ അതിയായ പ്രാധാന്യമാണ് കല്പിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ ആസൂത്രകന്‍ എന്ന് പ്രചരിപ്പിക്കപ്പെട്ട നിലയ്ക്ക് വിവിധ മുസ്ലിം സംഘടനകള്‍ ഇന്നും മോദിയെ ശത്രു പക്ഷത് തന്നെയാണ് നിരീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി യു കെ യിലെ മുസ്ലിങ്ങള്‍ക്ക് മോദിയോടു പൊറുക്കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ മുസ്ലിം ഫെഡറേഷന്‍ യു കെ പ്രസിഡന്റ് ഷംസുധീന്‍ ആഗ പറയുന്നു. മോദി എത്തുമ്പോള്‍ ഒട്ടും മോശമല്ലാത്ത പ്രതിഷേധം തന്നെ തങ്ങള്‍ക്കു സംഘടിപ്പിക്കാന്‍ കഴിയും എന്ന് ആഗ ചൂണ്ടിക്കാട്ടുന്നു. ”കാമറോണ്‍ ബ്രിട്ടനെ നയിക്കാന്‍ ഏറെ ശക്തന്‍ തന്നെയാണ്. പക്ഷെ മോദിയുമായി അടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അയാള്‍ കൗശലക്കാരന്‍ ആണ്.” കഴിഞ്ഞ ദിവസം ഈ സംഘടന മാദ്ധ്യമങ്ങള്‍ക്ക് നല്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. മോദിയെ ഏതു വിധത്തില്‍ തങ്ങളുടെ എതിര്‍പ്പ് അറിയിക്കാന്‍ കഴിയും എന്നതിനെ കുറിച്ച് ഇനിയും അന്തിമ രൂപം നല്കിയിട്ടില്ലെന്നും ആഗ തുടരുന്നു.
അതേ സമയം ബ്രിട്ടണില്‍ ജീവിക്കുന്ന ഇന്ത്യന്‍ വംശജരെ ഉള്‍പ്പെടുത്തി മോദിക്ക് ഹൃദ്യമായ സ്വീകരണം ഒരുക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. സ്വന്തം നാട്ടുകാരെ കാണുമ്പോള്‍ മോദിയുടെ മനസ് മാറുമെന്നാണ് കാമറോണിന്റെ പ്രതീക്ഷ. അതിനായി പരമാവധി ഇന്ത്യന്‍ വംശജരെ മോദിയുടെ സ്വീകരണ ചടങ്ങില്‍ എത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തന്നെ നേരിട്ട് ഏറ്റെടുക്കും. ബ്രിട്ടണില്‍ ഇന്ത്യന്‍ വംശജര്‍ നിര്‍ണായക ശക്തി ആണെന്ന് ഇന്ത്യയെ ബോധ്യപ്പെടുത്തേണ്ട കടമ കൂടി ഏറ്റെടുക്കുന്ന വിധമാകും സ്വീകരണ പരിപാടി ഒരുക്കുക. ഇതിനുള്ള ഏകദേശ രൂപരേഖ തയ്യാറാകുന്നതിന്റെ തിരക്കിലേക്ക് നീങ്ങുകയാണ് കാമറോണ്‍ സര്‍ക്കാര്‍. കാമറോണിന്റെ മനസ് അറിയുന്ന ഇന്ത്യന്‍ വംശജരായ കണ്‍സര്‍വേറ്റീവ് എംപിമാരും പ്രാദേശിക നേതാക്കളും അടങ്ങുന്ന ഗ്രൂപ്പിനാകും സന്ദര്‍ശന പരിപാടിയുടെ ചുക്കാന്‍ പിടിക്കാനുള്ള നിയോഗം. അതെ സമയം കാമറോണ്‍ സര്‍ക്കാരിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളില്‍ ഇന്ത്യക്കുള്ള ശക്തമായ പ്രതിഷേധം തുറന്നു പ്രകടിപ്പിക്കാന്‍ തന്നെ മോദിയും തയ്യാറായേക്കും. ഇതിന്റെ സൂചന എന്നോണം കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ശക്തമായ ഭാഷയില്‍ നയത്തെ അപലപിച്ചു കഴിഞ്ഞു. യു കെ യില്‍ നിക്ഷേപം നടത്തിയിരിക്കുന്ന 800 ഓളം ഇന്ത്യന്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ കാമറോണിന്റെ നയം കാരണമാകും എന്ന ആശങ്കയാണ് സി ഐ
ഐ ചൂണ്ടിക്കാട്ടുന്നത്. ഒരു ദശകം മുന്‍പ്, 2002 ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോദിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ മുന്തിയ സ്ഥാനമാണ് ബ്രിട്ടനുള്ളത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നത് പരിഗണിച്ചും 2012 ല്‍ മോദിയെ ഇന്ത്യന്‍ നിയമ രംഗം കുറ്റവിമുക്തന്‍ ആക്കിയത് കണക്കിലെടുത്തും അദേഹത്തിന്റെ ബ്രിട്ടന്‍ സന്ദര്‍ശന വിലക്ക് പൊടുന്നനെ നീക്കാനും കാമറോണ്‍ മുന്‍കൈ എടുത്തിരുന്നു. കലാപത്തില്‍ അന്ന് സംസ്ഥാനം സന്ദര്‍ശിക്കാന്‍ എത്തിയ ഗുജറാത്ത് വംശജരായ ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടത് വളരെ ഗൗരവത്തോടെയാണ് അന്നത്തെ ടോണി ബ്ലെയര്‍ സര്‍ക്കാര്‍ കണ്ടിരുന്നത്. തുടര്‍ന്ന് വന്ന ഗോര്‍ഡന്‍ ബ്രൗണ്‍ സര്‍ക്കാരും തീരുമാനം മാറ്റാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് കാമറോണിന്റെ ആദ്യ സര്‍ക്കാര്‍ അധികാരം ഏറ്റതോടെ ഇന്ത്യയുമായി ബന്ധം ഊഷ്മളമാക്കണം എന്ന തീരുമാനത്തിന് രാഷ്ട്രീയ മാനം കൈവന്നതോടെ കുറ്റവിമുക്തന്‍ ആക്കപ്പെട്ട മോദിക്ക് ബ്രിട്ടന്‍ സര്‍വാത്മനാ ക്ഷണം ഒരുക്കുക ആയിരുന്നു.